തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നവീകരിച്ച അത്യാധുനിക ഓപ്പറേഷൻ തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ ഏറ്റവും വലിയ പാരമ്പര്യവും വിശ്വാസ്യതയും കൈവരിച്ച സ്ഥാപനമാണ് ജൂബിലി. ആരോഗ്യം, ചികിത്സ, വിദ്യഭ്യാസം, ഗവേഷണം, സാമൂഹികപ്രതിബദ്ധത എന്നീ മേഖലകളിൽ ജൂബിലി നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം അറുപതുവർഷംമുമ്പ് ആദ്യമായി ജൂബിലിയിലെത്തിയ അനുഭവം അദ്ദേഹം അനുസ്മരിച്ചു. അന്നുമുതൽ ഇന്നുവരെയുള്ള സ്ഥാപനത്തിന്റെ വളർച്ചയും ആരോഗ്യരംഗത്തെ സംഭാവനകളും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂബിലി മിഷൻ മെഡിക്കൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരിയും ചെയർമാനുമായ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവാദ സന്ദേശം നൽകി.
ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. മറിയം കോശി തോമസ്, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ കെ. മുരളീധരനും നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ മേയർ ഡോ. നിജി ജസ്റ്റിനും ഉപഹാരം നൽകി
രോഗികളുടെ സുരക്ഷ, അണുബാധനിയന്ത്രണം, ശസ്ത്രക്രിയാ കാര്യക്ഷമത, ആധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പുതിയ ഓപ്പറേഷൻ തിയറ്റർ സമുച്ചയം നവീകരിച്ചിരിക്കുന്നത്. ഇതു രോഗികൾക്കും ചികിത്സാസംഘങ്ങൾക്കും കൂടുതൽ മികച്ച സേവനവും സൗകര്യവും ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.