ഇരിക്കൂർ: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഇരിക്കൂറിൽ പുതിയ പാലം പ്രഖ്യാപനമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ഇരിക്കൂർ ജനത. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലുള്ള പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥ നേരിടുന്നുണ്ട്. പാലത്തിലൂടെ അമിതഭാരമുള്ള വാഹനങ്ങളുടെ സഞ്ചാരം ഒഴിവാക്കാനായി സ്ഥാപിച്ച ‘ഹൈറ്റ് ഗേജ്' തകർന്നിട്ട് ഒന്നര വർഷമായിട്ടും പുതിയതു സ്ഥാപിച്ചിട്ടില്ല.
സ്ലാബുകളും ബീമുകളും തകർച്ച നേരിട്ടതോടെയായിരുന്നു ഹൈറ്റ് ഗേറ്റ് സ്ഥാപിച്ചത്. ഇത് സ്ഥാപിച്ച് മാസങ്ങൾക്കകമായിരുന്നു വാഹനം ഇടിച്ചു തകർന്നത്. പാലത്തിലെ ടാറിംഗും പൂർണമായും തകർന്ന നിലയിലാണ്. മലയോരത്തിന്റെ കവാടം കൂടിയായ ഇരിക്കൂറിലെ പാലത്തിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ടും പതിവാണ്.
ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം മട്ടന്നൂർ നിയോജക മണ്ഡലം പരിധിയിലാണ്.പു തിയപാലം നിർമിക്കുന്നതിനു പിഡബ്ല്യൂഡി രണ്ടു വർഷം മുന്പ് പരിശോധന നടത്തി12 കോടിയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനിയർക്കു സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞബജറ്റിൽ പുതിയപാലം പ്രതീക്ഷിച്ചെങ്കിലും ടോക്കൺ മാത്രം അനുവദിച്ച് തഴയുകയായിരുന്നു.
Tags : budget Nattuvishesham District News