ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ വേള്‍ഡ് മ്യൂസിക് ഡേ യോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ഥിനി സംഘടനയും കോളജ് മ്യൂസിക് ക്ലബും സംയുക്തമായി കോളജ് ഗീതം പുനരാവിഷ്ക്കരണം നടത്തി.
കവിയും സിനിമാഗാന രചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനംചെയ്തു. 1989ല്‍ കോളജ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് കോളജ് മലയാളവകുപ്പ് മേധാവി പ്രഫ. മറിയാമ്മ ഫിലിപ്പ് എഴുതി, സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കോളജ് ഗീതമാണ് സാങ്കേതിക മികവില്‍ വീണ്ടും രംഗത്തെത്തിച്ചത്. അലുമ്നി അസോസിയേഷന് എക്സി. അംഗങ്ങള്‍, വിദ്യാര്‍ഥിനികളും പൂര്‍വ വിദ്യാര്‍ഥിനികളും അധ്യാപകരുംചേര്‍ന്ന് ഗീതം അവതരിപ്പിച്ചു. 1989ല്‍ ഈ ഗാനത്തിന്റെ വരികളെഴുതിയ പ്രഫ. മറിയാമ്മ ഫിലിപ്പിനെയും വരികൾ രംഗത്തെത്തിക്കാന്‍ പരിശ്രമംനടത്തിയ മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണനേയും ആദരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.