മൂലമറ്റം: കിണറ്റില്‍ അകപ്പെട്ട പരുന്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടോടെ വെള്ളിയാമറ്റം തൊണ്ണൂറ്റിനാല് ജംഗ്ഷനു സമീപം പാറേക്കുടി ടോമിയുടെ റബര്‍ത്തോട്ടത്തിലെ കിണറ്റിലാണ് പരുന്ത് വീണത്. സമീപത്ത് താമസിക്കുന്നവരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.
സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്താന്‍ പ്രയാസമായതിനാല്‍ ജീപ്പിലാണ് മൂലമറ്റത്തുനിന്നു സേന എത്തിയത്. തുടര്‍ന്ന് സേനാംഗങ്ങള്‍ റെസ്ക്യു നെറ്റ് ഉപയോഗിച്ച് പരുന്തിനെ സുരക്ഷിതമായി കരയില്‍ എത്തിക്കുകയായിരുന്നു. ചുറ്റുമതിലും 25 അടി ആഴവുമുള്ള കിണറ്റില്‍ അഞ്ചടി വെള്ളവും ഉണ്ടായിരുന്നു. കിണറ്റില്‍ കുറ്റിച്ചെടികളും പുല്ലുകളും വളര്‍ന്ന് കാഴ്ചയും ദുഷ്കരമായിരുന്നു. പരുന്തിനെ പുറത്തെടുത്ത് സേനാംഗങ്ങള്‍ മൂലമറ്റത്തെ വനംവകുപ്പ് ഓഫീസില്‍ എത്തിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ ബിബിന്‍ എ. തങ്കപ്പന്, സുനില്‍ എം.കേശവന്, കെ. സന്ദീപ്, ഷിന്റോ ജോസ്, കെ.പി. പ്രവീണ്‍, കെ. പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Tags : well Nattuvishesham District News