ബർലിൻ: തെക്കൻ ജർമനിയിലെ ബവേറിയയിൽ സ്കൂളിലുണ്ടായ അക്രമണത്തിൽ രണ്ടു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ബവേറിയൻ പട്ടണമായ ഷൊൻഗാവിലെ വെൽഫൻ ജിംനേഷ്യം സെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
തോക്കും കത്തിയുമായി എത്തിയ പതിനാറുകാരനാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റതായും ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയതായും പോലീസ് അറിയിച്ചു. അക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് പിടികൂടി.
പ്രതിയെ കണ്ടെത്താനായി ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ചാണു പോലീസ് തെരച്ചിൽ നടത്തിയത്. പിടിയിലായ കൗമാരക്കാരൻ ഈ സ്കൂളിലെതന്നെ വിദ്യാർഥിയാണോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Tags : Attack at German school