കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ നിന്ന് സജീവ് പുറത്തിറങ്ങിയത്. കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ പത്ത് ദിവസത്തിന് ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് കഴിഞ്ഞ ആറിന് മറ്റ് മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൈലിന്റെ മോചനം. ഒക്ടോബർ 11നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുവർണോദ്യാനത്തിന് സമീപം സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ മരിച്ചിരുന്നു. അപകടദിവസം സുഹൈൽ നാല് ബാറുകളിൽ കയറിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പരിശോധനയിൽ സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.