ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങളെച്ചൊല്ലി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. തനിക്കെതിരെയുള്ള ഫണ്ട് വിവാദം വ്യാജമാണെന്നും സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജനയായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും ഫണ്ട് വിതരണവും കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ എസ്. സുരേഷ് കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലായിരുന്നു ഇവർ.
എന്നാൽ പുറത്തുനിന്ന് കൊടി വാങ്ങിയ വകയിൽ മാത്രം 31 ലക്ഷം രൂപ അഞ്ജന കമ്മീഷൻ കൈപ്പറ്റിയെന്ന് കാണിച്ച് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം വിദേശത്തുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും. ഇതിന് പിന്നാലെ അടിയന്തര കോർ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
Tags : ElectionFund Controversy Bjp Complaint PoliceCase CyberAttack