ഐആർജിസി
ലണ്ടൻ: ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാൻ യുകെ സർക്കാർ തീരുമാനിച്ചു.
യുകെയിൽ അടുത്ത കാലത്തായി നടന്ന നിരവധി വധഭീഷണികൾ, അക്രമങ്ങൾ, അട്ടിമറി നീക്കങ്ങൾ എന്നിവയ്ക്ക് പിന്നിൽ ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് പാർലമെന്റിനെ അറിയിച്ചു.
പുതിയ 'ദേശീയ സുരക്ഷാ നിയമ' പ്രകാരമുള്ള കടുത്ത അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ നിരോധനം നടപ്പിലാക്കുന്നത്. പുതിയ നിയമം വരുന്നതോടെ ഐആർജിസി എന്ന സംഘടനയെ അനുകൂലിച്ച് സംസാരിക്കുന്നതോ, അവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്നതോ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി മാറും.
ഇറാന്റെ ഐആർജിസിക്ക് പുറമെ മറ്റ് രണ്ട് വിദേശ സംഘടനകളെക്കൂടി യുകെ നിരോധിക്കുന്നുണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പായ 'ഇസ്ലാമിക് മൂവ്മെന്റ് ഓഫ് കമ്പാനിയൻസ് ഓഫ് ദി റൈറ്റ്'.റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ജിആർയുവിന് കീഴിലുള്ള സായുധ സംഘം.
ഈ സംഘടനകൾ യുകെ മണ്ണിൽ തീവെപ്പ് ഉൾപ്പെടെയുള്ള അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയാൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത്തരം ചാരവൃത്തികൾ ശക്തമായി അടിച്ചമർത്താൻ യുകെ പോലീസിനും ഇന്റലിജൻസ് ഏജൻസിയായ എംഐ5നും സർക്കാർ കൂടുതൽ വിപുലമായ അധികാരം നൽകും.
ആംബുലൻസുകൾക്ക് തീയിട്ടതും, ഇരുപതോളം വധശ്രമ ഗൂഢാലോചനകൾ, ബ്രിട്ടനിലെ ജൂത-ഇസ്രായേൽ കമ്മ്യൂണിറ്റികളെ ലക്ഷ്യമിട്ട് സമീപകാലത്ത് നടന്ന ഏഴോളം വലിയ അക്രമങ്ങൾ എന്നിവയ്ക്കെല്ലാം പിന്നിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് നേരിട്ട് നിർദ്ദേശം നൽകിയിരുന്നതായാണ് യുകെ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാർച്ച് 23ന് ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ നാല് ഹത്സോല ആംബുലൻസുകൾക്ക് തീയിട്ട ആക്രമണം ഇതിലൊന്നാണ്. ഇതിന്റെ ഉത്തരവാദിത്തം നിരോധിക്കപ്പെട്ട ഐഎംസിആർ പരസ്യമായി ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന, ജീവന് ഭീഷണിയായേക്കാവുന്ന 20 ഗൂഢാലോചനകളെങ്കിലും എംഐ5 കണ്ടെത്തി തകർത്തിട്ടുണ്ട്.
"നമ്മുടെ തെരുവുകളിൽ ഭീതിയും വിഭജനവും അക്രമവും പടർത്താൻ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളുടെ ഒരു കളിസ്ഥലമായി മാറാൻ ബ്രിട്ടനെ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. യുകെയിൽ ഇരുന്ന് വിദേശ രാജ്യങ്ങൾക്ക് വേണ്ടി ഇത്തരം അഴുക്കുചാലിലെ പണികൾ ചെയ്യുന്ന ആരെയും എളുപ്പത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പുതിയ അധികാരങ്ങൾ പോലീസിനെ സഹായിക്കും എന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി.
ഇറാനും റഷ്യയും തങ്ങളുടെ താത്പര്യങ്ങൾക്കായി യുകെ മണ്ണിൽ ഗുണ്ടകളെയും പ്രോക്സി ഗ്രൂപ്പുകളെയും ഉപയോഗിക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് കുറ്റപ്പെടുത്തി. ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്നതോടെ നിയമം പൂർണമായി പ്രാബല്യത്തിൽ വരും.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പുതിയ ഇസ്ലാമിക് ഭരണസംവിധാനത്തെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സുരക്ഷാ സേനയാണിത്. നിലവിൽ ഏകദേശം 1,90,000 സജീവ സൈനികരുള്ള ഈ വിഭാഗം ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഇക്കഴിഞ്ഞ ജനുവരിയിൽ യൂറോപ്യൻ യൂണിയനും ഈ സംഘടനയ്ക്ക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Tags : UKNews IRGCBan NationalSecurity Iran