കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിഷ്ണു വിനോദ്
തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കരുത്തുറ്റ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി കേരള സീനിയർ പുരുഷ ടീം ജമ്മുകാഷ്മീരിലേക്ക് യാത്ര തിരിക്കും. ശ്രീനഗറിൽ വെച്ച് നടക്കുന്ന പരിശീലന മത്സരത്തിൽ കാഷ്മീർ ടീമുമായി കേരള ടീം ഏറ്റുമുട്ടും.
രണ്ട് മൾട്ടി-ഡേ പരിശീലന മത്സരങ്ങളിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 23 മുതൽ 29 വരെ നടക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്റെ നേതൃത്വത്തിലുള്ള 14 അംഗ ശക്തമായ സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാണ് ജമ്മു.
ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യവും വീര്യവും വർധിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് കളിക്കാരെ കൂടുതൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, വി.അഭിജിത്ത് പ്രവീൺ, കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, ജെ.എസ്.അനുരാജ്, എം.ഡി.നിധീഷ്, കെ.എം.ആസിഫ്, പവൻ രാജ്, വിശ്വേശ്വർ സുരേഷ്.