ലൈംഗിക പീഡന പരാതി ഉയർന്ന മദ്രസ അടച്ചു പൂട്ടിയ നിലയിൽ.
ഗുവാഹത്തി: മദ്രസയിൽ വച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബോംഗൈഗാവ് ജില്ലയിൽ നടന്ന സംഭവത്തിലെ അമിനുൽ ഇസ്ലാമാണ് പിടിയിലായത്.
ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ ബുധനാഴ്ച ജില്ലാ ഭരണകൂടം ഈ മദ്രസ പൂട്ടിച്ച് സീൽ ചെയ്തിരുന്നു. 149 പെൺകുട്ടികളായിരുന്നു ഈ സ്ഥാപനത്തിൽ താമസിച്ചു പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മദ്രസയുടെ മാനേജിംഗ് ട്രസ്റ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് ട്രസ്റ്റിമാരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ലൈംഗിക പീഡന പരാതി ലഭിച്ചയുടൻ തന്നെ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ പോക്സോ കേസിന് പുറമെ, മദ്രസയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പോലീസ് നിരീക്ഷണത്തിലുള്ള ചില നിരോധിത സംഘടനകളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
മദ്രസയിൽ നിന്ന് ചില തീവ്രവാദ സ്വഭാവമുള്ള സാഹിത്യ ഗ്രന്ഥങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇവ കുട്ടികളിൽ തീവ്രവാദ ചിന്താഗതി വളർത്താൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു വരികയാണെന്നും ബോംഗൈഗാവ് സീനിയർ പോലീസ് സൂപ്രണ്ട് നുമൽ മഹത്ത പറഞ്ഞു.
Tags : Arrest SexualAbuseCase Madrassa Bongaigaon