സ്റ്റോക്ക്മെൻസ് ഫോറം സംഗമം വൻ വിജയംമെൻസ് ഫോറം സംഗമം വൻ വിജയം ഓൺ ട്രെൻഡ്: യുണൈറ്റഡ് കിംഗ്ഡത്തിലെ സീറോമലബാർ രൂപതാ മെൻസ് ഫോറം പ്രവർത്തനങ്ങൾക്ക് പുതുജീവനും ഐക്യശക്തിയും പകർന്ന്, സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ ഒഎൽപിഎച്ച് മെൻസ് ഫോറം സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ വടംവലി ചാമ്പ്യൻഷിപ്പ് വൻ വിജയമായി സമാപിച്ചു.
ഇംഗ്ലണ്ടിന്റെ ഹൃദയഭൂമിയായ സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ നോർത്ത്വുഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ സ്റ്റോക്ക് ലയൺസ് ചാമ്പ്യൻമാരായി കിരീടം ചൂടി. ഇടവക ആഘോഷങ്ങളുടെ പരിമിതികൾ ഭേദിച്ച്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഇരുപതോളം ടീമുകളാണ് ഏകമനസ്സോടെ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.
മിശിഹായുടെ സാക്ഷികളായി വിവിധ ഇടവകകളെ ഒരുമിപ്പിച്ചു കൊണ്ട്, സ്നേഹത്തിന്റെ മഹത്തായ സാക്ഷ്യമായി മാറാൻ ഈ വടംവലി മാമാങ്കത്തിലൂടെ ഒഎൽപിഎച്ച് മെൻസ് ഫോറത്തിന് സാധിച്ചു.
പ്രൗഢഗംഭീരമായ തുടക്കം
പ്രാർഥനാഗാനത്തോടെ രാവിലെ 10.30ന് ആരംഭിച്ച ചാമ്പ്യൻഷിപ്പ് സ്റ്റോക്ക്-ഓൺ-ട്രെൻഡ് ഡെപ്യൂട്ടി ലോർഡ് മേയർ കൗൺസിലർ ക്രിസ് റോബിൻസൺ, ഡെപ്യൂട്ടി ലേഡി മേയറസ് ജോയ് റോബിൻസൺ, ബർച്ചസ് ഹെഡ് ആൻഡ് നോർത്ത്വുഡ് കൗൺസിലർ ലൂക്ക് ഷെന്റൺ എന്നിവർ ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ റവ. ഫാ. ജോർജ് എട്ടുപാറയിൽ, റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിൽ, റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിൽ, ഇൻഫിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡ് പ്രതിനിധി ജഗ്ഗി ജോസഫ്, ഒഎൽപിഎച്ച് മെൻസ് ഫോറം പ്രസിഡന്റ് സിറിൾ മഞ്ഞൂരാൻ, ടഗ് ഓഫ് വാർ കോഓർഡിനേറ്റർ സുദീപ് എബ്രഹാം, ബെന്നി പാലട്ടി എന്നിവരും മെൻസ് ഫോറം കോർ കമ്മിറ്റി അംഗങ്ങൾ, വുമൺസ് ഫോറം പ്രസിഡന്റ്, കൈക്കാരന്മാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വർണവസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്ന പരേഡും നിഥ സിജു, നിഷ മാർട്ടിൻ എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
ആവേശകരമായ മത്സരങ്ങൾ; ജേതാക്കൾ ഇവർ:
ഉദ്ഘാടനത്തിന് പിന്നാലെ മൈതാനത്ത് ആവേശത്തിന്റെ തീപ്പൊരി പടർന്ന മത്സരങ്ങളാണ് അരങ്ങേറിയത്.
കാണികളുടെ ആർപ്പുവിളികൾക്ക് നടുവിൽ നടന്ന ഫൈനൽ പോരാട്ടത്തിനൊടുവിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലെ ഒഎൽപിഎച്ച് ഇടവക ടീമായ "സ്റ്റോക്ക് ലയൺസ്' ഒന്നാം സ്ഥാനവും 2000 പൗണ്ടും മെൻസ് ഫോറം ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സ്ഥാനം: സെന്റ് ഫ്രാൻസിസ് അസീസി മിഷന്റെ വോർസെസ്റ്റർ തെമ്മാഡീസ് (1000 പൗണ്ടും ട്രോഫിയും).
മൂന്നാം സ്ഥാനം: സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്ററിന്റെ കീഴിലുള്ള സെന്റ് മേരീസ് ഹെർഫോർഡ് (500 പൗണ്ടും ട്രോഫിയും).
നാലാം സ്ഥാനം: ഹോളി ഫാമിലി മിഷൻ മാഞ്ചസ്റ്ററിന്റെ കീഴിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ഓൾഡ്ഹാം (250 പൗണ്ടും ട്രോഫിയും).
കൂടാതെ, ഏറ്റവും കൂടുതൽ ഇടവകാംഗങ്ങളുമായി എത്തിയ ടീമിനുള്ള പ്രത്യേക സമ്മാനം റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിലിന്റെ നേതൃത്വത്തിൽ എത്തിയ 'സെക്രഡ് ഹാർട്ട് മിഷൻ, കിംഗ്സ്ലിൻ& ബോസ്റ്റൺ' സ്വന്തമാക്കി.
ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തിൽ എത്തിയ "കാഡിഫ് സെന്റ് തോമസ് മിഷൻ' നേടി.

സമാപന സമ്മേളനവും സമ്മാനദാനവും
ഒരു ചരിത്രമുഹൂർത്തത്തിന്റെ പ്രൗഢി വിളിച്ചോതിയ സമാപന സമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വെങ്കടാചലം മുരുകൻ ഐഎഫ്എസ്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതാ ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, റോയൽ കോളജ് ഓഫ് നഴ്സിംഗ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ജയ്മോൾ സുദീപ് & ടീം അവതരിപ്പിച്ച മാർഗംകളിയും, ജോർജിയ ആന്റോ & ടീം അവതരിപ്പിച്ച നൃത്താവിഷ്കാരവും സമാപനച്ചടങ്ങിന് ദൃശ്യഭംഗിയേകി. ടഗ് ഓഫ് വാർ കോർഡിനേറ്റർ സുദീപ് അബ്രഹാം സ്വാഗതം ആശംസിച്ച യോഗത്തിൽ വിശിഷ്ടാതിഥികൾ ആശംസാസന്ദേശങ്ങൾ നൽകി.
നാലാം സ്ഥാനക്കാർക്കുള്ള ട്രോഫി ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ടും മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ബിജോയ് സെബാസ്റ്റ്യനും വിതരണം ചെയ്തു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫികൾ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വെങ്കടാചലം മുരുകനും മാർ ജോസഫ് സ്രാമ്പിക്കലും ചേർന്ന് സമ്മാനിച്ചു.
ചാമ്പ്യൻഷിപ്പിന്റെ കാഷ് അവാർഡുകൾ ഇൻഫിനിറ്റി മോർഗേജ് ലിമിറ്റഡ്, ഈസ്റ്റ്മാൻ സോളിസിറ്റേഴ്സ് & നോട്ടറി എന്നിവരുടെ പ്രതിനിധികൾ വിതരണം ചെയ്തു.
കലാവിരുന്നുകളും തത്സമയ കമന്ററിയും ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹങ്ങളിലേക്ക് മത്സരത്തിന്റെ സ്പന്ദനങ്ങളെത്തിച്ച ലൈവ് വീഡിയോ സംപ്രേഷണവും പരിപാടിയെ വേറിട്ടതാക്കി.
ഒഎൽപിഎച്ച് മെൻസ് ഫോറം ജനറൽ സെക്രട്ടറി ഷിന്റോ വർഗീസ് നന്ദി പ്രകാശിപ്പിച്ചതോടെ യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയ വടംവലി മഹാമേളയ്ക്ക് തിരശീല വീണു.
Tags : UK Tug of War Championship NRI News