ബോഹും അപ്പാര്ട്ട്മെന്റ് തീപിടുത്തിത്തിൽ മരണപ്പെട്ട മലയാളികൾ
ബോഹും: പടിഞ്ഞാറന് ജര്മ്മന് നഗരമായ ബോഹുമിലെ റെസിഡന്ഷ്യല് അപ്പാര്ട്ട്മെന്റിലുണ്ടായ വന് തീപിടുത്തത്തില് ദാരുണമായി ജീവന് നഷ്ടപ്പെട്ട മൂന്ന് ഇന്ത്യന് പൗരന്മാരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം, എറണാകുളം, ഇടുക്കി സ്വദേശികളായ യുവതീയുവാക്കളാണ് ജര്മ്മനിയെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. രണ്ടാഴ്ച മുന്പ് മാത്രം ഒരുമിച്ച് താമസത്തിനെത്തിയ ഫ്ലാറ്റില് അയല്വാസി നടത്തിയ മനഃപൂര്വ്വമുള്ള തീവയ്പ്പിലാണ് ഈ മൂന്ന് പ്രവാസി മലയാളി കുടുംബങ്ങളുടെയും പ്രതീക്ഷകള് എരിഞ്ഞടങ്ങിയത്.
കൊല്ലം ചാമക്കട അശ്വിന് ഭവനത്തില് ജോയിയുടെയും ഷീലയുടെയും മകളാണ് അഞ്ജലി ജോയ് (25). അഞ്ജലി ഈ വര്ഷം ജൂലൈയിലാണ് ജര്മനിയിലേക്ക് ജോലിക്കായി എത്തിയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയര്ഹൗസ് സര്വീസില് ആയിരുന്നു ജോലി. ബിഎഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്.
എറണാകുളം കാലടി മാണിക്കമംഗലം കൊണൂരാന് ഹൗസില് ജോണി ഔസേപ്പിന്റെയുംപരേതയായ ലിസിയുടെ മകളാണ് സിവിന് ജോണി (26).
ഹോട്ടല് റസ്റ്റോറന്റ് മേഖലയില് ജോലി തേടി എത്തിയതായിരുന്നു സിവിന്.
ഇടുക്കി ശാന്തിഗ്രാം കൊച്ചേടത്ത് ഹൗസില് റിട്ട. എസ്.ഐ സാബുവിന്റെയും ജ്യോതിയുടെയും മകളാണ് നോവ സാബു. ജ്യോതി ആരോഗ്യവകുപ്പ് ജീവനക്കാരിയാണ്.ഒരു സഹോദരനുണ്ട്. നാട്ടില് ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ആറുമാസം മുമ്പാണ് ജര്മനിയിലെത്തിത്. തുടര്ന്ന് ഇവിടെ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.
ജോലിക്കായി ജര്മ്മനിയിലെത്തിയ ഇവര് മൂവരും ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള റെസിഡന്ഷ്യല് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റില് രണ്ടാഴ്ച മുന്പാണ് ഒരുമിച്ച് താമസം തുടങ്ങിയത്.
രക്ഷാമാര്ഗം തടസപ്പെട്ടു; വിഷപ്പുക ശ്വസിച്ച് ദാരുണാന്ത്യം
ചൊവ്വാഴ്ച പുലര്ച്ചെ 4.15ഓടെയാണ് കെട്ടിടത്തില് നാടിനെ നടുക്കിയ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയില് സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്ക്ക് തീയിട്ടതിനെ തുടര്ന്ന്, മുകളിലേക്ക് കയറാനുള്ള തടി കൊണ്ടുള്ള പ്രധാന കോവണിപ്പടിയിലേക്ക് തീ അതിവേഗം ആളിപ്പടരുകയായിരുന്നു.
കെട്ടിടത്തില് നിന്നുള്ള ഏക രക്ഷാമാര്ഗമായ കോവണി കത്തിയമരുകയും ഇടനാഴിയിലാകെ വിഷപ്പുകയും കടുത്ത ചൂടും നിറഞ്ഞതോടെ മുകള്നിലയിലുണ്ടായിരുന്ന ഇവര്ക്ക് പുറത്തേക്ക് കടക്കാനായില്ല. അഗ്നിശമന സേന എത്തുമ്പോഴേക്കും കെട്ടിടം പൂര്ണമായി പുകയില് മൂടിയിരുന്നു. ജനലുകള് വഴി രക്ഷാപ്രവര്ത്തകര് മറ്റ് അഞ്ച് താമസക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാം നിലയിലെ ഫ്ലാറ്റിനുള്ളില് അകപ്പെട്ടുപോയ മലയാളികളായ മൂവരെയും രക്ഷിക്കാനായില്ല.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം അകത്തുകടന്ന രക്ഷാപ്രവര്ത്തകര് മൂവരെയും അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. കൃത്രിമ ശ്വാസോച്ഛ്വാസം നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ ജീവന് നഷ്ടപ്പെടുകയായിരുന്നു.
മനഃപൂര്വമുള്ള തീവയ്പ്; 41കാരനായ അയല്വാസി കസ്റ്റഡിയില്
ഷോര്ട്ട് സര്ക്യൂട്ട് ഉള്പ്പെടെയുള്ള സാങ്കേതിക തകരാറുകള് ഒന്നും അപകടത്തിന് കാരണമായിട്ടില്ലെന്ന് ഫോറന്സിക്~അഗ്നിശമന വിദഗ്ദ്ധരുടെ പരിശോധനയില് സ്ഥിരീകരിച്ചു. മനഃപൂര്വം തീവച്ചതാണെന്ന ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില് ഇതേ കെട്ടിടത്തില് താമസിക്കുന്ന 41~കാരനായ അയല്വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റത്തിന് ഹോമിസൈഡ് സ്ക്വാഡ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുന്പുണ്ടായ എന്തെങ്കിലും തര്ക്കങ്ങളാണോ ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേ കെട്ടിടത്തില് തന്നെ താമസിക്കുന്ന 41~കാരനായ അയല്വാസിയാണ് ഇയാളെന്നും, കൊലപാതക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര് നിലവില് വ്യക്തമാക്കിയിട്ടുള്ളത്. ഇയാള് റൊമാനിയന് പൗരനാണെന്ന തരത്തിലുള്ള വിവരങ്ങള് പ്രാദേശികമായോ സംസാരങ്ങളിലോ പ്രചരിക്കുന്നുണ്ടാകാമെങ്കിലും, പോലീസ് ഇത് രേഖാമൂലം സ്ഥിരീകരിക്കുകയോ വാര്ത്താക്കുറിപ്പില് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല് കൂടുതല് വ്യക്തിഗത വിവരങ്ങള് വരും ദിവസങ്ങളില് പോലീസ് പുറത്തുവിട്ടേക്കും.
നടപടികള് ഏകോപിപ്പിച്ച് എംബസിയും സംഘടനകളും
നാട്ടിലുള്ള കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള് ഔദ്യോഗിക നടപടിക്രമങ്ങള് പൂര്ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ജര്മനിയിലെ ഇന്ത്യന് എംബസി അധികൃതരും ലോക കേരള സഭ പ്രതിനിധികളും, ജര്മനിയിലെ നോര്ക്ക കോഓര്ഡിനേ0ഷന് കൗണ്സിലും, മലയാളി കൂട്ടായ്മകളും രംഗത്തുണ്ട്. യുവമലയാളി അപ്രതീക്ഷിത വേര്പാട് ജര്മനിയിലെ പ്രവാസി സമൂഹത്തില് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate All three victims apartment fire in Bohum