ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അബർഡീൻ: ആത്മീയ നവീകരണത്തിനും മാതൃ മധ്യസ്ഥത്തിനുംഅനുഗ്രഹീത സന്നിധിയായ "കൃപാസനം മരിയൻ സെന്റർ' ഈ വർഷവും യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു.
യുകെയിൽ കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും അന്ന് പങ്കുചേരുവാൻ കഴിയാതെ പോയ നിരവധിയായ മാതൃഭക്തരുടെ അഭ്യർഥന പരിഗണിച്ചുമാണ് കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.
അബർഡീൻ കത്തോലിക്കാ രൂപതയുടെ അധ്യക്ഷൻ ബിഷപ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ. ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർഥനയിൽ വെളിവായ അമ്മയുടെ അഭിലാഷം മനസിലാക്കി ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.
സ്കോട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓഗസ്റ്റ് 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചിന് സമാപിക്കുന്നതാണ്. കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
കൂടുതൽ വിവരങ്ങൾക്ക്: 07770 730769, 07459 873176.
St Mary's R C Cathedral, 16-20 Huntly St, Aberdeen AB10 1SH, Scotland.
Tags : Krupasanam Covenant Retreat Aberdeen UK