പ്രതീകാത്മക ചിത്രം
വീസ്ബാഡൻ: ജർമനിയിൽ ഇന്ധനവില കുതിച്ചുയർന്നതിനെ തുടർന്ന് പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പെട്രോളിന്റെയും ഡീസലിന്റെയും റെക്കോർഡ് വിലക്കയറ്റം കാരണം സെപ്റ്റംബർ മാസത്തിലെ പണപ്പെരുപ്പം 3.3 ശതമാനമായി ഉയർന്നതായി ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ 2.9 ശതമാനമായിരുന്നു. 2023 ഡിസംബറിന് ശേഷം ജർമനിയിലുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
പ്രധാന വില്ലൻ ഊർജവില ഇന്ധനവിലയിൽ വൻ വർധനവ്
ഊർജവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് പണപ്പെരുപ്പം കുത്തനെ ഉയരാൻ പ്രധാന കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിഡന്റ് റൂത്ത് ബ്രാൻഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ധനവിലയിൽ 37.1 ശതമാനത്തിന്റെ ഭീമമായ വർധനവാണ് രേഖപ്പെടുത്തിയത്. വീടുകൾ ചൂടാക്കാനുപയോഗിക്കുന്ന ഹീറ്റിംഗ് ഓയിലിന്റെ വിലയിലാകട്ടെ 74.9 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വർധനവാണുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് പെട്രോൾ-ഡീസൽ വില റെക്കോർഡ് തലത്തിലേക്ക് ഉയരാൻ ഇടയാക്കിയത്.
ഇന്ധന സബ്സിഡിയുമായി ഫെഡറൽ സർക്കാർ
ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഒക്ടോബർ 1 മുതൽ വർഷാവസാനം വരെ പ്രാബല്യത്തിൽ വരുന്ന പുതിയ ഇന്ധന സബ്സിഡി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഈ നടപടിയിലൂടെ ഇന്ധനവിലയിൽ ലിറ്ററിന് 17 സെന്റ് വരെ കുറവുണ്ടാകുമെന്നും പണപ്പെരുപ്പത്തിൽ 0.3 ശതമാനത്തിന്റെ ആശ്വാസം ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഭക്ഷ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വിലനിലവാരം
മൊത്തത്തിലുള്ള ഊർജ്ജച്ചെലവുകളിൽ 14.9 ശതമാനത്തിന്റെ വർധനവുണ്ടായി. ഭക്ഷ്യവസ്തുക്കളുടെ ശരാശരി വിലയിൽ 0.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെങ്കിലും ചില ഉൽപ്പന്നങ്ങൾക്ക് വലിയ വിലക്കയറ്റമുണ്ടായി. മുട്ടയ്ക്ക് 15.2 ശതമാനവും പച്ചക്കറികൾക്ക് 12.0 ശതമാനവും മത്സ്യവിഭവങ്ങൾക്ക് 4.5 ശതമാനവും വില വർധിച്ചു. അതേസമയം വെണ്ണ (-29.5%), പഴവർഗങ്ങൾ (-4.9%), പാൽ ഉൽപ്പന്നങ്ങൾ (-5.5%) എന്നിവയ്ക്ക് വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമായി. കൂടാതെ വാഹന അറ്റകുറ്റപ്പണികൾ (4.7%), വ്യക്തിഗത പരിചരണ സേവനങ്ങൾ (4.3%), യാത്രാ പാക്കേജുകൾ (3.8%) എന്നിവയ്ക്കും നിരക്കുകൾ ഉയർന്നു.
പലിശനിരക്കുകൾ വീണ്ടും ഉയർന്നേക്കാം
യൂറോ സോണിൽ പണപ്പെരുപ്പ സമ്മർദ്ദം തുടരുന്നതിനാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (EZB) പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ഇതിനകം രണ്ട് തവണ പലിശനിരക്ക് ഉയർത്തിയ ബാങ്കിന്റെ നിലവിലെ അടിസ്ഥാന നിരക്ക് 2.50 ശതമാനമാണ്. വരും മാസങ്ങളിലെ വിലക്കയറ്റത്തിന്റെ തോത് അനുസരിച്ചായിരിക്കും പലിശനിരക്കിലെ തുടർതീരുമാനങ്ങൾ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Fuel prices in Germany rise by 37 percent