പ്രതീകാത്മക ചിത്രം
ബെർലിൻ: അമിതമായി പഞ്ചസാര അടങ്ങിയ ശീതളപാനിയങ്കങൾക്കും ജ്യൂസുകൾക്കും പുതിയ നികുതി ഏർപ്പെടുത്താനുള്ള കരട് ബില്ലിന് ജർമൻ ഫെഡറൽ മന്ത്രിസഭ അംഗീകാരം നൽകി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം പബ്ലിക് ഹെൽത്ത് ഇൻഷുറൻസിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ 2027 ജൂലൈ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും.
നികുതി നിരക്കുകൾ
100 മില്ലിലിറ്ററിൽ 5 ഗ്രാം മുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ലിറ്ററിന് 26 സെന്റും, 8 ഗ്രാമോ അതിൽ കൂടുതലോ ഉള്ളവയ്ക്ക് ലിറ്ററിന് 32 സെന്റുമാണ് നികുതി ചുമത്തുക.
ചെറുകിട നിർമാതാക്കൾക്ക് ഇളവ്
പ്രതിവർഷം 10 ലക്ഷം ലിറ്ററിൽ താഴെ മാത്രം പാനീയങ്ങൾ നിർമ്മിക്കുന്ന കമ്പനികളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിലയും ഉൽപാദന മാറ്റവും
നികുതി കമ്പനികളിൽ നിന്നാണ് ഈടാക്കുക. ഇത് വില വർധിപ്പിച്ച് ഉപഭോക്താക്കളിലേക്ക് കൈമാറണോ അതോ ഉൽപന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കണോ എന്ന് കമ്പനികൾക്ക് തീരുമാനിക്കാം.
കുട്ടികളിലടക്കം മധുരത്തിന്റെ അമിത ഉപയോഗം കുറയ്ക്കുക, ഈ നികുതി വരുമാനത്തിലൂടെ ജർമനിയിലെ നിയമപരമായ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ വർധിക്കാതെ സ്ഥിരമായി നിലനിർത്തുക എന്നിവയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ. യുകെയിൽ വിജയകരമായി നടപ്പാക്കിയ നികുതി മാതൃക പിന്തുടർന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Sugar tax on soft drinks coming to Germany