കാടുപിടിച്ച് കിടക്കുന്ന ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക്.
കൊല്ലം: ജില്ലയില്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിരവധി പാര്‍ക്കുകളുണ്ട്. കൊല്ലം കോര്‍പറേഷന്റെയും ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും കീഴിലാണ് മിക്ക പാര്‍ക്കുകളും. ഇതിനു പുറമെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്പറേഷന് എന്നിവയുടെ കീഴില്‍ നിരവധി വാര്‍ഡുതല പാര്‍ക്കുകളുമുണ്ട്. പറയുമ്പോള്‍ പാര്‍ക്കുകളുടെ എണ്ണംകൊണ്ട് സമ്പന്നമാണ് ജില്ലയെങ്കിലും പൊതുജനങ്ങള്‍ക്ക് ഈ പാര്‍ക്കുകള്‍ പ്രയോജനപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടിപ്പോവുമ്പോഴാണ് പാര്‍ക്കുകളുടെ ശോചനീയാവസ്ഥ മനസിലാകുന്നത്. ദീര്‍ഘകാലമായി നിരവധി പ്രശ്നങ്ങള്‍ ജില്ലയിലെ പാര്‍ക്കുകള്‍ നേരിടുന്നുണ്ട്.
തുടര്‍ പരിപാലനത്തിന്റെഅഭാവം
പാര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ ഫണ്ട് ലഭിക്കുമെങ്കിലും, അത് വര്‍ഷങ്ങളോളം പരിപാലിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പക്കല്‍ ഫണ്ട് ഉണ്ടാകാറില്ല. ഇത് പാര്‍ക്കുകളുടെ നാശത്തിന് വേഗം കൂട്ടുന്നു. ലക്ഷങ്ങള്‍ മുടക്കി പാര്‍ക്ക് നിര്‍മിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കാറില്ല. തുരുമ്പെടുത്ത റൈഡുകള്‍ മാറ്റാനോ കേടുപാടുകള്‍ തീര്‍ക്കാനോ പലപ്പോഴും അധികൃതര്‍ തയാറാകാറില്ല.
ഇത്തരത്തില്‍ ശോചനീയാവസ്ഥയിലായ പാര്‍ക്കുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തങ്കശേരി ലൈറ്റ് ഹൗസിന് സമീപമുള്ള പാര്‍ക്കാണ്. ഈ പാര്‍ക്ക് മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാകേണ്ടതായിരുന്നു. എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ മിക്ക സമയങ്ങളിലും ഇത് അടഞ്ഞുകിടക്കുകയാണ്.
മഴയും വെയിലും നേരിട്ട് ഏല്ക്കുന്നതിനാല് ഇരുമ്പില്‍ തീര്‍ത്ത കളിയുപകരണങ്ങള്‍ വളരെ വേഗത്തില്‍ തുരുമ്പെടുത്ത് അപകടാവസ്ഥയിലാകുന്നു. ഫൈബര്‍ ഉപകരണങ്ങളും കൃത്യമായ പരിചരണമില്ലാതെ പൊട്ടിപ്പൊളിഞ്ഞു.പാര്‍ക്ക് കടലിനോട് വളരെ ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍, ഉപ്പുകലര്‍ന്ന ശക്തമായ കടല്‍ക്കാറ്റ് അടിക്കുന്നത് ഇവിടുത്തെ ഉപകരണങ്ങളെ വേഗത്തില്‍ നശിപ്പിക്കുന്നു. കുട്ടികള്‍ക്കായുള്ള ഇരുമ്പില്‍ തീര്‍ത്ത കളിയുപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍, വേലികള്‍ എന്നിവ തുരുമ്പെടുത്ത് നശിച്ചത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഗതിയും മറ്റൊന്നല്ല. പാര്‍ക്കിന്റെ പേര് ‘അഡ്വഞ്ചര്‍ പാര്‍ക്ക്' എന്നാണെങ്കിലും, സാഹസിക വിനോദങ്ങള്‍ക്കായുള്ള ഭൂരിഭാഗം റൈഡുകളും സംവിധാനങ്ങളും വര്‍ഷങ്ങളായി തകരാറിലാണ്. മുന്‍പുണ്ടായിരുന്ന പല റൈഡുകളും പൂര്‍ണമായി നീക്കം ചെയ്തു. നിലവില്‍ ഇതൊരു സാധാരണ പാര്‍ക്ക് അല്ലെങ്കില്‍ വാക്കിംഗ് സ്പേസ് മാത്രമായി ഒതുങ്ങിപ്പോകുന്നു എന്ന പരാതി വ്യാപകമാണ്. പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന അഷ്ടമുടി കായലിലേക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്ന് അടിഞ്ഞുകൂടുന്നത് പാര്‍ക്കിന്റെ ഭംഗിയെയും അന്തരീക്ഷത്തെയും മോശമായി ബാധിക്കുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണമായ കണ്ടല്‍ക്കാടുകള്‍ പലയിടത്തും നശിക്കുകയും തീരം ഇടിഞ്ഞുതാഴുകയും ചെയ്യുന്നു. മഴക്കാലത്ത് പാര്‍ക്കിന്റെ ചില ഭാഗങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതും ഇഴജന്തുക്കളുടെ ശല്യത്തിന് കാരണമാകുന്നു.
വലിയ പ്രഖ്യാപനങ്ങളോടെ വന്ന പാര്‍ക്കാണ് ലിങ്ക് റോഡില്‍ ആശ്രാമം മൈതാനത്തിന് സമീപമുള്ള തങ്ങള്‍ കുഞ്ഞ് മുസലിയാര്‍ (ടികെഎം) പാര്‍ക്ക് (മുമ്പ് ‘നെഹ്റു പാര്‍ക്ക്' എന്നും അറിയപ്പെട്ടിരുന്നു). ‘സ്ത്രീ സൗഹൃദ പാര്‍ക്ക്' എന്ന പേരില്‍ ഇതിന്റെ ഉദ്ഘാടനം നടന്നിരുന്നു. എന്നാല്‍ കൃത്യമായ മേല്‍നോട്ടമോ അറ്റകുറ്റപ്പണികളോ ഇല്ലാത്തതിനാല്‍ പാര്‍ക്ക് പൂര്‍ണമായും കാടുപിടിച്ചു നശിക്കുകയും ഉപകരണങ്ങള്‍ തുരുമ്പെടുക്കുകയും ചെയ്തു.
പാര്‍ക്ക് അടഞ്ഞതോടെ ഈ പ്രദേശം സാമൂഹികവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും പ്രധാന കേന്ദ്രമായി മാറി. ഇത് ജനങ്ങള്‍ക്ക് പാര്ക്കിന് സമീപത്തു കൂടെ സഞ്ചരിക്കാന്‍ പോലും ഭയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചു.
കൊല്ലം നഗരസഭയുടെ സമീപത്ത്, സി.കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ടി.കെ. ദിവാകരന് സ്മാരക പാര്‍ക്കും നിലവില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ആര്‍എസ്പിയുടെ സമുന്നത നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.കെ. ദിവാകരന്റെ സ്മൃതി മണ്ഡപം ഉള്‍ക്കൊള്ളുന്നതാണ് ഈ പാര്‍ക്ക്. സമീപകാലത്ത് പാര്‍ക്കിനെ സംബന്ധിച്ച് വലിയ രാഷ്്ട്രീയ-സാമൂഹിക വിവാദങ്ങള്‍ ഉയര്‍ന്നുവന്നത് ഇവിടുത്തെ കഫറ്റേരിയ നിര്‍മാണ നീക്കത്തെ തുടര്‍ന്നാണ്. ടി.കെ. ദിവാകരന് പാര്‍ക്കിനോട് ചേര്‍ന്നു കിടക്കുന്ന ‘നെഹ്റു പാര്‍ക്ക്', ‘വയോജന പാര്‍ക്ക്' എന്നിവ കോര്പറേഷന് ഒരു സ്വകാര്യ കരാറുകാരന് കഫറ്റേരിയ നടത്തുന്നതിനായി ലേലം നല്‍കിയിരുന്നു.
എന്നാല്‍, അതിര്‍ത്തി വ്യക്തമാക്കുന്നതില്‍ കോര്പറേഷന് വന്ന വീഴ്ച കാരണം, കരാറുകാരന് ടി.കെ. ദിവാകരന് പാര്‍ക്കിനുള്ളിലേക്ക് കടന്നുകയറുകയും അവിടെ കഫറ്റേരിയ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ‘അമൃത്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം 66.3 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് നവീകരിച്ചത്. എന്നാല്‍, കൃത്യമായ അറ്റകുറ്റപ്പണികളോ പരിചരണമോ ഇല്ലാത്തതിനെ തുടര്‍ന്ന് പാര്‍ക്ക് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്.
സുരക്ഷാ പ്രശ്നങ്ങളുംതെരുവുനായ ശല്യവും
ജില്ലയിലെ മിക്ക പാര്‍ക്കുകളിലും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. പാര്‍ക്കുകളില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ കൃത്യമായ സിസിടിവി കാമറ നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചവും പാര്‍ക്കുകളില്‍ ഉണ്ടാകാറില്ല. അതിനാല്‍ വൈകുന്നേരങ്ങള്‍ക്ക് ശേഷം ഇവിടം മദ്യപാനികളുടെയും ലഹരി ഉപയോക്താക്കളുടെയും താവളമായി മാറാറുണ്ടെന്നത് നാട്ടുകാരുടെ പ്രധാന പരാതിയാണ്. ഇത് കുടുംബസമേതം എത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ തെരുവുനായകളുടെ ശല്യവും സന്ദര്‍ശകര്‍ക്ക് ഭീഷണിയാകുന്നു. വേനല്‍ക്കാലത്ത് ഉണങ്ങിയും മഴക്കാലത്ത് കാടുപിടിച്ചും കിടക്കുന്ന പാര്‍ക്കുകളില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.
മാലിന്യം തള്ളൽ
കാവല്‍ക്കാരില്ലാത്തതും കാടുപിടിച്ചതുമായ പാര്‍ക്കുകളിലേക്ക് പുറത്ത് നിന്നുള്ളവര്‍ മാലിന്യം വലിച്ചെറിയുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൃത്യമായി നീക്കം ചെയ്യാന്‍ സംവിധാനങ്ങളില്ലാത്തത് പാര്‍ക്കിന്റെ ഭംഗി നശിപ്പിക്കുന്നു. ചില സമയങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇവിടെ മാലിന്യം തള്ളുന്നതായും പരാതികളുണ്ട്.
മാറണം സംവിധാനങ്ങള്‍
ജില്ലയിലെ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക്, തങ്കശേരി മില്ലേനിയം പാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള പൊതു പാര്‍ക്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് അവയെ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാന്‍ വ്യവസ്ഥാപിതമായ ചില മാറ്റങ്ങള്‍ ആവശ്യമാണ്.
അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിമുടി മാറേണ്ടതുണ്ട്. വിവിധ വകുപ്പുകള്‍ (ഡിടിപിസി, കോര്പറേഷന്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ്) തമ്മിലുള്ള ഏകോപനമില്ലായ്മയും നടത്തിപ്പ് അവകാശം സംബന്ധിച്ചുള്ള തര്‍ക്കങ്ങളുമാണ് പാര്‍ക്കുകളുടെ നവീകരണത്തെയും പരിപാലനത്തെയും പ്രധാനമായും ബാധിക്കുന്നത്. പൊതു പാര്‍ക്കുകള്‍ ഒരു നഗരത്തിന്റെ ശ്വാസകോശങ്ങളാണ്. അവയെ കേവലം കോണ്‍ക്രീറ്റ്-ഇരുമ്പ് കാടുകളാക്കാതെ പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ട്, കൃത്യമായി പരിപാലിച്ചാല്‍ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അതൊരു വലിയ മുതല്‍ക്കൂട്ടാകും.
അടിയന്തരമായിചെയ്യേണ്ടത്
* പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനൊപ്പം തന്നെ അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു വാര്‍ഷിക കരാര്‍ ആദ്യമേ ഉറപ്പാക്കുക. ഉപകരണങ്ങള്‍ കേടാകുമ്പോള്‍ തന്നെ അവ നന്നാക്കാന്‍ ഇത് സഹായിക്കും.
*തങ്കശേരി പോലുള്ള തീരദേശ മേഖലകളില്‍ ഉപ്പുകാറ്റേറ്റ് ഇരുമ്പ് ഉപകരണങ്ങള്‍ വേഗത്തില്‍ തുരുമ്പെടുക്കും. അതിനാല്‍ ഇത്തരം ഇടങ്ങളില്‍ ഗുണനിലവാരമുള്ള ഫൈബര്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ തടികൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
*പാര്‍ക്കുകളിലെ സാമൂഹ്യവിരുദ്ധ ശല്യം പൂര്‍ണമായി ഒഴിവാക്കാന്‍ എല്ലാ കോണുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. രാത്രികാലങ്ങളില്‍ പാര്‍ക്കുകളില്‍ ആവശ്യത്തിന് എല്‍ഇഡി അല്ലെങ്കില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുക.
*വലിയ പാര്‍ക്കുകളില്‍ 24
മണിക്കൂറും ചെറിയ വാര്‍ഡുതല പാര്‍ക്കുകളില്‍ വൈകുന്നേരങ്ങളിലും സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഉറപ്പാക്കുക. കവാടങ്ങളില്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി സാമൂഹ്യ വിരുദ്ധരെയും മാലിന്യം തള്ളുന്നവരെയും തടയാനാവും.
*ചെറിയ പാര്‍ക്കുകളുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രാദേശിക റസിഡന്റ്സ് അസോസിയേഷനുകള്‍ക്കോ കുടുംബശ്രീ യൂണിറ്റുകള്‍ക്കോ പ്രദേശത്തെ സ്പോര്‍ട്സ് ക്ലബുകള്‍ക്കോ കൈമാറാം. ഇത് പാര്‍ക്കുകള്‍ എപ്പോഴും വൃത്തിയായിരിക്കാന്‍ സഹായിക്കും.
*പാര്‍ക്കുകളില്‍ പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കുകയും ‘ഗ്രീന്‍ പ്രോട്ടോക്കോള്‍' നടപ്പിലാക്കുകയും ചെയ്യുക. കൃത്യമായ ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും അവ ദിവസേന വൃത്തിയാക്കാന്‍ സംവിധാനമൊരുക്കുകയും വേണം.
*വലിയ കമ്പനികളുടെ കോര്‍പറേറ്റ് സോഷല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടുകള്‍ പാര്‍ക്കുകളുടെ നവീകരണത്തിനായി ഉപയോഗപ്പെടുത്താം. ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, ടൂറിസം വകുപ്പ്, കോര്പറേഷന് എന്നിവ സംയുക്തമായി പദ്ധതികള്‍ ആസൂത്രണം ചെയ്യണം.
*കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പാര്‍ക്കുകളില്‍ ‘ഓപ്പണ്‍ ജിമ്മുകള്‍', മികച്ച നടപ്പാതകള്‍, ചെറിയ കഫറ്റീരിയകള്‍ എന്നിവ ഒരുക്കുക. ഇതില്‍നിന്നുള്ള ചെറിയ വരുമാനം പാര്‍ക്കിന്റെ നടത്തിപ്പിനായി ഉപയോഗിക്കാം.
Tags : Nattuvishesham LocalNews