കളഞ്ഞുകിട്ടിയ സ്വർണമാല സുധാകരന് നായര്‍ പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍വച്ച് ഉടമസ്ഥയ്ക്ക് കൈമാറുന്നു.
കുണ്ടറ: പുത്തൂര്‍ കുളക്കട സ്കൂള്‍ ജംഗ്ഷനില്‍നിന്നും കളഞ്ഞു കിട്ടിയ മൂന്നര പവന് സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്കി വിമുക്തഭടന് മാതൃകയായി. കുളക്കട ജിഎച്ച്എസ്എസിലെ താത്കാലിക സെക്യൂരിറ്റി കുറ്ററ ഇരുവേലിക്കല്‍ സുധാലയത്തില്‍ സുധാകരന് നായരാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. പന്തളം മെഴുവേലില്‍ മാങ്കൂട്ടത്തില്‍ കോമളയ്ക്കാണ് മാല തിരികെ ലഭിച്ചത്.
രണ്ടുദിവസം മുമ്പ് രാവിലെ ഒമ്പതരയോടെ കുളക്കട സ്കൂളിനു മുന്നില്‍ കുട്ടികളെ റോഡ് കുറുകെ കടക്കാന്‍ സഹായിച്ചു കൊണ്ടിരിക്കേയാണ് സുധാകരന് നായര്‍ക്ക് ഒരു പ്ലാസ്റ്റിക് കൂട് റോഡില്‍നിന്നു ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ സ്വര്‍ണമാല ഉണ്ടായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ തൊഴിലാളികളെയും കുളക്കട ആലപ്പാട്ട് ദേവി ക്ഷേത്രത്തില്‍ സപ്താഹത്തിനെത്തിയവരെയും വിവരമറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും മാല ലഭിച്ച വിവരം നല്കി.
അടുത്തദിവസം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മാല സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോമള സുധാകരന് നായരെ ബന്ധപ്പെട്ടു. അടുത്തദിവസം പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ് ഐ വിമല്‍ രംഗനാഥ്, പ്രമോദ്, ഉഷാകുമാരി എന്നിവരുടെ സാന്നിധ്യത്തില്‍ മാല ഉടമസ്ഥയ്ക്ക് കൈമാറി.
Tags : Nattuvishesham LocalNews