സോമസുന്ദരം
വണ്ടൂർ: ഹൃദ്രോഗിയായ ലോട്ടറിത്തൊഴിലാളിയെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കവർന്നു. വണ്ടൂർ നടുവത്ത് വാഴക്കാട്ടിൽ സോമസുന്ദരനാണ് തട്ടിപ്പിനിരയായത്. കംപ്യൂട്ടറിൽ തിരുത്തൽ വരുത്തിയ വ്യാജ ടിക്കറ്റുകൾ നൽകി 3,000 രൂപയും 4,000 രൂപയുടെ ടിക്കറ്റുകളുമാണ് തട്ടിയെടുത്തത്.
സമ്മാനാർഹമായ ടിക്കറ്റ് മാറി നൽകാമെന്ന് പറഞ്ഞ് പാണ്ടിക്കാട് കക്കുളത്ത് വച്ച് കാൽനടയായി ലോട്ടറി വിൽപ്പന നടത്തുന്ന സോമസുന്ദരത്തെ നാൽപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരാൾ സമീപിക്കുകയായിരുന്നു. തന്റെ കൈവശം കഴിഞ്ഞ എട്ടിന് നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ ടിക്കറ്റ് ഉണ്ടെന്നും അത് മാറി നൽകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
1000 രൂപ സമ്മാനം ലഭിച്ച ഏഴ് ടിക്കറ്റുകൾ നൽകിയ ഇയാൾ പകരം സോമസുന്ദരന്റെ കൈവശമുണ്ടായിരുന്ന 4000 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റുകളും 3,000 രൂപ പണവുമായും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
സിസിടിവി കാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ചാണ് ഇയാൾ തട്ടിപ്പിനിരയായത്. മേഖലയിൽ ഇത്തരത്തിലുള്ള തട്ടിപ്പ് തുടർക്കഥയാവുകയാണ്. സോമസുന്ദരന്റെ പരാതിയിൽ പാണ്ടിക്കാട് പോലീസ് കേസെടുത്തു.
Tags : Nattuvishesham LocalNews