ചായ്യോത്ത് ഗവ. സ്കൂളിനു സമീപം റോഡരികിലെ സ്ഥലം കൈയേറി നിർമാണം നടത്തിയതായി ആരോപണമുയർന്ന കെട്ടിടം.
ചായ്യോത്ത്: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം റോഡരികിലെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി അനധികൃത നിർമാണങ്ങൾ നടത്തുന്നതായി പരാതി. നീലേശ്വരം-എടത്തോട് പൊതുമരാമത്ത് റോഡും കാഞ്ഞിരപ്പൊയിൽ ഭാഗത്തേക്കുള്ള ജില്ലാ പഞ്ചായത്ത് റോഡും ചേരുന്ന ഭാഗത്തെ കെട്ടിട ഉടമയ്ക്കെതിരെയാണ് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹികൾ മുഖ്യമന്ത്രിക്കും പഞ്ചായത്തിനും റവന്യു അധികൃതർക്കും പരാതി നൽകിയത്.
കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി കൂട്ടിയെടുത്ത ഭാഗം പൊളിച്ചുനീക്കാൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്ന് പഞ്ചായത്തിൽനിന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തുകയും അനധികൃത നിർമാണം നടന്നതായി ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് സെക്രട്ടറി മാറിയതോടെ ഈ ഉത്തരവ് കാറ്റിൽ പറത്തി കെട്ടിട ഉടമ വീണ്ടും അനധികൃത നിർമാണങ്ങൾ നടത്തുകയായിരുന്നുവെന്നാണ് ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നത്. പിന്നീട് വന്ന പഞ്ചായത്ത് സെക്രട്ടറി ഇതിന് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും അവർ ആരോപിക്കുന്നു.
നേരത്തേ വിദ്യാർഥികളും നാട്ടുകാരും നടന്നുപോകാൻ ഉപയോഗിച്ചിരുന്ന ഭാഗങ്ങൾ വളച്ചുകെട്ടി നിർമാണങ്ങൾ നടത്തിയതോടെ കുട്ടികൾ തിരക്കേറിയ റോഡിനും സ്ലാബില്ലാത്ത ഓവുചാലിനും ഇടയിലുള്ള അപകടവഴിയിലൂടെ പോകേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ കെട്ടിട ഉടമയുമായി ബന്ധപ്പെട്ട ആളുകൾ തന്നെ കാഞ്ഞിരപ്പൊയിൽ റോഡിനോടു ചേർന്ന് മതിൽ നിർമാണവും നടത്തുന്നുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
Tags : Local News Nattuvishesham Chayyoth Complaint regarding construction