ഹരിതകര്‍മ സേനാംഗങ്ങള്‍ മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ക്കൊപ്പം.
മൂവാറ്റുപുഴ: ഹരിതകര്‍മ സേനാംഗങ്ങളുടെ സുരക്ഷയും ക്ഷേമവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നമസ്തേ ദിനാചരണം ശ്രദ്ധേയമായി. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു.
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷ്വറൻസ് പരിരക്ഷ നല്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനവും ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷ്വറൻസ് പരിരക്ഷ ഹരിതകര്‍മ സേനയ്ക്ക് വലിയ ആശ്വാസമാകുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഇതോടൊപ്പം സുരക്ഷാ ജാക്കറ്റുകള്‍, ഹെല്‍മറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ കിറ്റുകളും നഗരസഭ വിതരണം ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ അബ്ദുള്‍ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി. രജിത, അസം ബീഗം, സെക്രട്ടറി ഷൈജു വര്‍ഗീസ്, ക്ലീന്‍ സിറ്റി മാനേജര്‍ എ. നൗഷാദ്, നമസ്തേ നോഡല്‍ ഓഫീസര്‍ പിഎച്ച്ഐ സൗമ്യ ദാസ്, നഗരസഭാംഗങ്ങളായ ടി.എസ്. സജി, രാജശ്രീ രാജു, രജനി സജീവ് എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham LocalNews