കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ചുള്ള 4.6 ഏക്കർ ഭൂമി മറ്റ് റെയിൽവേയുടെ ആവശ്യങ്ങൾക്കല്ലാതെ പാട്ടത്തിനു നൽകാൻ നീക്കം. റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അഥോറിറ്റിയാണ് (ആർഎൽഡിഎ) ഇതിനുള്ള നടപടികളിലേക്കു കടന്നത്. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു മൂന്നു ഭാഗങ്ങളിലായാണു 4.6 ഏക്കർ ഭൂമിയുള്ളത്. നിലവിൽ വെറുതെ കിടക്കുന്ന ഭൂമി ദീർഘകാല പാട്ടത്തിനു നൽകാനാണു നീക്കം. വരുമാനം വർധിപ്പിക്കാനുള്ള മാർഗമെന്ന നിലയിലാണു പാട്ടത്തിനു നൽകാനുള്ള നീക്കം നടക്കുന്നതെന്നാണ് വിശദീകരണം.
കൊച്ചി നഗരഹൃദയത്തിൽ ഹൈക്കോടതിക്കും മംഗളവനത്തിനും സമീപത്തു പൈതൃകപ്രാധാന്യമുള്ള ഓൾഡ് റെയിൽവേ സ്റ്റേഷന്റെ ഭൂമി പാർക്കിംഗ് സൗകര്യത്തിനായി കൊച്ചി കോർപറേഷനു വിട്ടുനൽകാനും ആലോചനയുണ്ട്. റെയിൽവേയുടെ 10 സെന്റ് ഭൂമി 35 വർഷത്തേയ്ക്കു കോർപറേഷനു പാട്ടത്തിനു നൽകാനാണ് നീക്കം. ഹൈക്കോടതി അഭിഭാഷകർക്കും മറ്റുമായി ഇവിടെ പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കാൻ പദ്ധതി പണിപ്പുരയിലുണ്ട്.
ചരിത്രപരമായും സാംസ്കാരികമായും വലിയ പ്രാധാന്യമുള്ളതാണ് ഓൾഡ് റെയിൽവേ സ്റ്റേഷൻ. മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും ഈ സ്റ്റേഷനിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പൈതൃകപ്രാധാന്യമുള്ള സ്റ്റേഷന്റെ വികസനത്തിനായി കാലങ്ങളായി ആവശ്യവും പദ്ധതിയും ഉണ്ടായിട്ടുണ്ടെങ്കിലും മംഗളവനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണ് അത് എങ്ങുമെത്താതിരുന്നത്. ഇതേ സ്ഥലത്തു പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിലിരുത്താതെയാണു റെയിൽവേ ഭൂമി മറ്റ് ആവശ്യങ്ങൾക്കു വിട്ടു നൽകുന്നതെന്ന ആക്ഷേപം ശക്തമാണ്.
ഹൈക്കോടതിയിലെത്തുന്ന അഭിഭാഷകരുടേതുൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ഫണ്ട് വിനിയോഗിച്ച്, പഴയ ഹൈക്കോടതി പരിസരത്ത് ആധുനിക മൾട്ടി മോഡൽ പാർക്കിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് പദ്ധതിയിട്ടിരുന്നു. പിന്നീട് ഇതിന്റെ നടത്തിപ്പ് ചെലവ്, ഭാവിയിലെ മെയിന്റനൻസ് ചെലവ് എന്നിവ സംബന്ധിച്ച അവ്യക്തതകൾ മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ അധിക പ്ലാറ്റ് ഫോമുകൾ ഉൾപ്പെടെ ദീർഘവീക്ഷണമുള്ള വികസന പദ്ധതികൾ വേണമെന്ന മുറവിളി ഉയരുന്നതിനിടെയാണ്, റെയിൽവേയുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്കു വിട്ടു നൽകാൻ നീക്കം നടക്കുന്നത്. എറണാകുളത്തെ റെയിൽവേ ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് ദീർഘവീക്ഷണത്തോടെയുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന ആവശ്യം ശക്തമാണ്. സൗത്ത് റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള റെയിൽവേ ക്വാർട്ടേഴ്സ് വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടി താമസക്കാരോട് 31നു മുമ്പ് ഒഴിയാൻ റെയിൽവേ നിർദേശം നൽകിയിരുന്നു.
പകരം താമസസൗകര്യം ലഭ്യമാക്കാതെ ഒഴിയില്ലെന്ന നിലപാടിലാണ് ഇവിടുത്തെ 60 ഓളം റെയിൽവേ ജീവനക്കാരും കുടുംബങ്ങളും.
Tags : Nattuvishesham LocalNews