പ്രതീകാത്മക ചിത്രം
കൊച്ചി: 116.37 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ നാൽവർ സംഘം കറുകുറ്റിയിൽ പിടിയിലായ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം . എക്സൈസ് സംഘം ഉടൻ ഒഡീഷയിലേക്ക് തിരിക്കുമെന്നാണ് സൂചന.
ഒഡീഷ സ്വദേശികളായ ലക്ഷ്മൺ പത്ര (39), സഹോദരൻ തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അങ്കമാലി എക്സൈസ് സംഘം ഞായറാഴ്ച പുലർച്ചെ പിടികൂടിയത്. ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് 58 പൊതികളിലാക്കി 11 ബാഗുകളിലായാണ് കൊണ്ടുവന്നത്. കഞ്ചാവ് ആർക്ക് വേണ്ടി എത്തിച്ചതാണെന്നത് കണ്ടെത്താനായിട്ടില്ല. അങ്കമാലി സ്വദേശിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
അങ്കമാലി പാലിശേരി ഭാഗത്തേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തൃശൂരിൽ ട്രെയിൻ ഇറങ്ങിയശേഷം ബസ് മാർഗം കറുകുറ്റിയിൽ എത്തിയെന്നാണ് സംശയിക്കുന്നത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് ഒരാൾക്ക് 30,000 രൂപ വീതമാണ് പ്രതിഫലം ലഭിച്ചിരുന്നത്.
Tags : Nattuvishesham LocalNews