മേലാറ്റൂർ: നിലന്പൂർ-ഷൊർണൂർ റെയിൽപാതയിലെ മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷൻ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.അടുത്ത മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പുതിയ പാളം സ്ഥാപിക്കലും സ്റ്റേഷന്റെ മിനുക്കുപണിയും അവസാനഘട്ടത്തിലെത്തി.
സ്റ്റേഷന്റെ പിറകുവശത്ത് വാഹന പാർക്കിംഗും ഒരുക്കുന്നുണ്ട്. പാളങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ജോലികളും അനുബന്ധ സിഗ്നലിംഗ്, വൈദ്യുതീകരണ ജോലികളും പൂർത്തിയാക്കാനുണ്ട്.പ്രതികൂല കാലാവസ്ഥ കാരണം പ്രവൃത്തി മന്ദഗതിയിലായതിനാലാണ് ക്രോസിംഗ് സ്റ്റേഷൻ കമ്മീഷനിംഗ് നീണ്ടത്. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ വിനിയോഗിച്ചാണ് ക്രോസിംഗ് സ്റ്റേഷന്റെയും ട്രാക്കിന്റെയും പ്രവൃത്തികൾ നടക്കുന്നത്.
മേലാറ്റൂർ, എടപ്പറ്റ, വെട്ടത്തൂർ, അലനല്ലൂർ പഞ്ചായത്തിലെയും കരുവാരകുണ്ട്, കീഴാറ്റൂർ പഞ്ചായത്തിലെ പകുതിയോളമുള്ള ട്രെയിൻ യാത്രക്കാർ മേലാറ്റൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
മേലാറ്റൂർ സ്റ്റേഷനുകളിൽ കൂടുതൽ കോച്ചുകൾ ഉൾക്കൊള്ളാൻ നീളമുള്ള പ്ലാറ്റ്ഫോമാണ് പുതിയ ക്രോസിംഗ് സ്റ്റേഷനുള്ളത്.നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ നീളം നേത്തേ കൂട്ടിയിരുന്നു. 66 കിലോമീറ്റർ നീളമുള്ള പാതയിൽ നിലന്പൂരിനും ഷൊർണൂരിനുമിടയിൽ അങ്ങാടിപ്പുറത്തും വാണിയന്പലത്തും മാത്രമായിരുന്നു നേരത്തേ ക്രോസിംഗ് സ്റ്റേഷനുണ്ടായിരുന്നത്.
പുതുതായി മേലാറ്റൂരും കുലുക്കല്ലൂരുമാണ് ക്രോസിംഗ് അനുവദിച്ചിരുന്നത്.ഇതിൽ കുലുക്കല്ലൂരിൽ കഴിഞ്ഞ മാസം കമ്മീഷനിംഗ് നടന്നു. മേലാറ്റൂരിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ ക്രോസിംഗ് സ്റ്റേഷൻ തുറക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനും സാധ്യതയേറി.
നിലന്പൂർ - ഷൊർണൂർ പാതയിലെ പ്രവൃത്തികൾ പൂർത്തിയായാൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് സതേണ് റെയിൽവേയുടെ പാലക്കാട് ഡിവിഷണൽ മാനേജർ മധുകർ റൗട്ട് നിലന്പൂർ സ്റ്റേഷൻ സന്ദർശനവേളയിൽ പറഞ്ഞിരുന്നു.
Tags : Nattuvishesham LocalNews