പ്രതീകാത്മക ചിത്രം
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികൾക്ക് ദുരിതമായി. മൂന്നു മാസം മുന്പ് ഒപിയിൽ മൂന്ന് ഡോക്ടമാർ 150 രോഗികളെ പരിശോധിച്ചിരുന്ന സ്ഥാനത്ത് നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. 30 രോഗികൾക്ക് മാത്രമാണ് ഇപ്പോൾ ടോക്കൺ അനുവദിക്കുന്നത്.തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രമാണ് നെഫ്രോളജി (വൃക്കരോഗ)വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നത്.
അതുകൊണ്ടുതന്നെ രാവിലെ ഏഴിന് കൊടുക്കുന്ന ടോക്കൺ വാങ്ങാൻ വേണ്ടി തലേദിവസമെത്തി രാവിലെ അഞ്ചിന് മുന്പ് ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ് വൃക്കരോഗികളും കൂടെയുള്ളവരും. ടോക്കൺ വിതരണം 30 ആയി പരിമിതപ്പെടുത്തിയതിനാൽ വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്ന് ഉൾപ്പെടെയുള്ള നിരവധി രോഗികളാണ് ടോക്കൺ കിട്ടാതെ തിരിച്ചുപോകുന്നത്.
നേരത്തെ മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്നതായിരുന്നു വൃക്കരോഗ വിഭാഗം. വൃക്ക മാറ്റിവയ്ക്കൽ യൂണിറ്റിന് അനുമതി ലഭിച്ചിരുന്നു. ട്രാൻസ്പ്ലാന്റേഷൻ ഐസിയു, പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ആശുപത്രിയുടെ ആറാം നിലയിൽ സജ്ജമാക്കിയിരുന്നു.അടിസ്ഥാനസൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയതിന്റെ അടിസ്ഥാനത്തിൽ കെസോട്ടോയുടെ ലൈസൻസ് മെഡിക്കൽ കോളജിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൃക്കദാതാക്കളായ അടുത്ത ബന്ധുക്കൾക്കും നെഫ്രോളജി ഒപിയിൽ ഡോക്ടറുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലായിരുന്നു ആശുപത്രി അധികൃതർ.
വൃക്കരോഗ വിഭാഗം മേധാവി ലീവിൽ പ്രവേശിച്ചിട്ട് നാളുകളേറെയായി. മറ്റൊരു ഡോക്ടർ ദീർഘാവധിയെടുത്ത് തുടർപഠനത്തിനായി വിദേശത്താണ്. പകരം ഡോക്ടർമാരെ നിയമിക്കാത്തതാണ് രോഗികളുടെ ദുരിതം ഇരട്ടിയാക്കുന്നതാണ്. എത്രയും വേഗം ഡോക്ടർമാരെ നിയമിച്ച് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Shortage of doctors Nephrology Department Kannur