കാസര്‍ഗോഡ്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ണിടിച്ചിലും വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ദേശീയ പാതയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. കാസര്‍ഗോഡ് നഗരസഭയില്‍ നുള്ളിപ്പാടിയില്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ സംവിധാനമൊരുക്കണമെന്ന് വൈസ് ചെയര്മാന് ആവശ്യപ്പെട്ടു.
അടിയന്തരമായി പരശോധിച്ച് ഗതാഗതം സുഗമമാക്കാന്‍ അധികമായി എന്‍ട്രി പോയിന്റ് കൊടുക്കുന്നതിന് നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ദേശീയ പാതാ അതോറിറ്റിക്ക് നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പും പോലീസും ദേശീയ പാത അതോറിറ്റിയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളില്‍ കാലവര്‍ഷത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുന്നതിന് റാപിഡ് റെസ്പോണ്‍സ് ടീമിനെ നിര്‍മാണ കരാര്‍ കമ്പനികള്‍ നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് പറഞ്ഞു. പടന്നക്കാട് നെഹ്റു കോളജിന് മുന്നിലും ജില്ലാ ആശുപത്രിക്ക് മുന്നിലും കാല്‍നടയ്ക്കുള്ള മേല്‍പ്പാലം നിര്‍മാണം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗവും ചെറുവത്തൂര്‍ വീരമലക്കുന്നിലും മട്ടലായി കുന്നിലും മണ്ണിടിച്ചില്‍ ഭീഷണി നിലവിലുണ്ടെന്നും ദുരന്തം സംഭവിക്കാതിരിക്കാന്‍ മണ്‍സൂണിന് മുമ്പായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകള്‍ സംബന്ധിച്ച് വിശദമായ പഞ്ചായത്തുകളും നഗരസഭകളും സമര്‍പ്പിച്ചിരുന്നെങ്കിലും ദേശീയപാത അതോറിറ്റി ഫണ്ട് ഡെപ്പോസിറ്റ് ചെയ്യുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ഈവര്‍ഷം വലിയതോതില്‍ വെള്ളക്കെട്ടിനും വീടുകളില്‍ വെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് ദേശീയപാത നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ നിലവില്‍ നടന്നു വരുന്ന നിര്‍മാണ പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. വീടുകളിലേക്ക് വെള്ളം കയറി മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പ്രത്യേകം റിലീഫ് ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ദുരന്ത സാധ്യത തടയുന്നതിന് നിര്‍മാണ പുരോഗതി സമയ ബന്ധിതമായി അവലോകനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാസര്‍ഗോഡ് ആര്‍ഡിഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആര്‍ഡിഒ കെ.ആര്. മനോജ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഓവുചാല്‍ നിര്‍മാണത്തിലെ അപാകത, മണ്ണിടിച്ചില്‍, തെരുവുവിളക്കുകള്‍ ഇല്ലാത്ത പ്രശ്നം, തോടുകള്‍ മണ്ണിട്ട് മൂടിയത് എന്നിവ സംബന്ധിച്ച് എല്‍എസ്ജിഡി, റവന്യു, പോലീസ്, ആര്‍ടിഒ, നിര്‍മാണകരാര്‍ കമ്പനി പ്രതിനിധികൾ സംയുക്ത പരിശോധന നടത്തും.