പ്രതീകാത്മക ചിത്രം
കൊച്ചി: മുളന്തുരുത്തിക്ക് സമീപം ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്തിൽ റിസോർട്ട് നിർമാണത്തിനെത്തിയ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം ആറിനും രാത്രി 11നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുജീബിന്‍റെ സഹപ്രവർത്തകരായ തിരുവനന്തപുരം സ്വദേശികളുമായ രാജു, രഞ്ജിത്ത്, സുമേഷ് എന്നിവരെ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മുജീബിന്‍റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞണ്ടുകാട് തുരുത്തിലെ ‘ചാക്കനാട്ട് ഹൗസ്’ എന്ന പഴയ വീട് റിസോർട്ടാക്കി മാറ്റുന്ന ജോലികൾക്കായാണ് ഇവർ നാലുപേരും ഇവിടെ താമസിച്ചിരുന്നത്. സംഭവദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
തർക്കം മൂർച്ഛിച്ചതോടെ നിർമാണ സൈറ്റിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുജീബിന്‍റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മുജീബിനെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്.
Tags : Killed Resort Construction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash