എരുമേലി: മൂലക്കയത്ത് പമ്പാനദിക്ക് കുറുകെയും വലിയതോടിന് കുറുകെ ആമക്കുന്നിലും പാലം നിർമാണം പുരോഗമിക്കുന്നു. മൂലക്കയത്ത് ചെക്ക്ഡാം ഉൾപ്പെടെ പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ കാലതാമസം വരുമെന്നാണ് കണക്കുകൂട്ടൽ. പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നാലാണ് തൂണുകളുടെ നിർമാണം നടത്താൻ സാധിക്കുക.
\നിലവിൽ ചെക്ക്ഡാമിനുള്ള പണികളാണ് നടക്കുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മൂലക്കയം പാലം യാഥാർഥ്യമാകുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും. കിസുമം ഭാഗത്തേക്കും തുലാപ്പള്ളിയിലേക്കും റാന്നിക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ പാലം ഉപകരിക്കും. നിലവിൽ നദിയുടെ അക്കരെ താണ്ടാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
എരുമേലിക്കും കൊരട്ടിക്കും ഇടയിൽ കാഞ്ഞിരപ്പള്ളി റോഡിൽനിന്നു വാഴക്കാല വാർഡിലെ ആമക്കുന്നിലേക്ക് പ്രവേശിക്കുന്നിടത്ത് വലിയ തോടിന് കുറുകെയാണ് ആമക്കുന്ന് പാലം നിർമിക്കുന്നത്. നാലര പതിറ്റാണ്ട് പഴക്കമുള്ള പഴയ പാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം നിർമാണം ആരംഭിച്ചത്. തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി.
ജലവിതരണ കുഴൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇരു കരകളിലും സ്പാനുകളും അബഡ്മെന്റുകളുമാണ് ഇനി നിർമിക്കേണ്ടത്. മണ്ഡലകാലത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.