ഇസ്താംബുൾ: ഇറാൻ-അമേരിക്ക ധാരണയ്ക്ക് പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം.
ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.