തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ പോലീസ് രംഗത്ത്. പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
നിലവിലെ പ്രോസിക്യൂട്ടറെ അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പോലീസ് കമ്മീഷണർക്കു കത്തു നൽകി. കേസിൽ ഉൾപ്പെട്ട ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. വൻ രാഷ്ട്രീയ വിവാദമുണ്ടാക്കിയ ഈ ആക്രമണ കേസിൽ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.
കേസിലെ അന്വേഷണം ഏകദേശം പൂർത്തിയായെന്നും പ്രതിയുടെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും വാദത്തിനിടെ പ്രോസിക്യൂഷൻ തന്നെ കോടതിയെ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെ ഈ നിലപാട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ കേസിന്റെ ഗൗരവം ചോർത്തിക്കളയുന്ന രീതിയിലാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പ്രോസിക്യൂട്ടറെ മാറ്റാൻ നീക്കം നടത്തുന്നതിനൊപ്പം ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉടൻ കോടതിയെ സമീപിക്കും.
Tags : edraid granted bail Police Public Prosecutor