ബംഗളൂരു: മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായ എം. ശ്വേതയെ ബുധനാഴ്ച പുതുച്ചേരിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നു പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശ്വേതയുടെ പങ്കാളി കൊന്നത്തിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെയാണ് ഇരുവരും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്.
കെന്നത്തുമായുള്ള ബന്ധത്തെ മുത്തുലക്ഷ്മി എതിർത്തതായും ബാങ്കുകളിൽ നിന്നും 30 ലക്ഷത്തിലധിക്കം രൂപ കടം വാങ്ങിയതായും ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മുത്തുലക്ഷിയുടെ പെരുമാറ്റമാണ് വീടുവിട്ടിറങ്ങാനും കെന്നത്തിനൊപ്പം ജീവിക്കാനും തന്നെ പ്രേരിപ്പിച്ചതെന്ന് ശ്വേത പോലീസിനോട് പറഞ്ഞു.
"അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്കൂൾ കാലം മുതൽ എൻജിനീയറിംഗ് ബിരുദം നേടുന്നതു വരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. എന്റെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയോ എന്റെ അവസ്ഥ കണ്ട് വിഷമിക്കുകയോ ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. ഇതാണ് അമ്മയോട് എനിക്ക് വെറുപ്പുണ്ടാക്കിയത്", ശ്വേത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ശ്വേതയും കെന്നത്തും ഫ്ലാറ്റിൽ എത്തിയപ്പോൾ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷ്മിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും മുത്തുലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സോമസുന്ദറും സുപ്രിയയും തിരിച്ചെത്തുന്നതിന് മുൻപ് പ്രതികൾ രക്തക്കറ കഴുകിക്കളഞ്ഞു.
സുപ്രിയ വീട്ടിൽ എത്തിയപ്പോൾ അവളെ ആദ്യം ആക്രമിച്ചു. സോമസുന്ദറിന് നേരെയും കത്തി വീശി. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം വീടിന് പുറത്തേക്ക് ഓടി ഉറക്കെ നിലവിളിച്ചു. അപ്പോഴേക്കും മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടി ബാൽക്കണി വഴി ശ്വേതയും കെന്നത്തും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇരുവരും രണ്ടു വഴിക്ക് പോയി. പുതുച്ചേരിയിൽ നിന്നാണ് ശ്വേതയെ പിടികൂടിയത്. കെന്നത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Tags : Orphan Techie Murder Parents