കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകൾ ശരണ്യ (27) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ ശശി മരിച്ചിരുന്നു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags : kollam accident death road accident