പത്തനംതിട്ട: ജില്ലയുടെ ഹൃദയഭാഗത്തുകൂടിയുള്ള തിരുവല്ല - കുന്പഴ റോഡിന്റെ നവീകരണ ജോലികൾ പാതിവഴിയിൽ നിലച്ചു. ബിഎം ബിസി നിലവാരത്തിൽ ജില്ലയൊട്ടാകെ റോഡുകൾ നവീകരിച്ചതായി അവകാശവാദങ്ങൾ നിലനിൽക്കവേയാണ് സംസ്ഥാന പാത എട്ടിനോടുള്ള അവഗണന.
ബിഎം ബിസി ടാറിംഗ് ആദ്യഘട്ടത്തിൽ നടത്തിയ റോഡുകളിലൊന്നാണിത്. പത്തു വർഷം മുന്പാണ് റോഡ് അവസാനം മെച്ചപ്പെടുത്തിയത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലഘട്ടത്തിൽ റോഡ് നിർമാണത്തിന് അനുമതി നൽകി പണികൾ പൂർത്തീകരിച്ച് പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്തു.
അഞ്ചുവർഷത്തെ കരാറിലായിരുന്നു നിർമാണം. ഇതു കഴിഞ്ഞശേഷം അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ റോഡ് തകർന്നു തുടങ്ങി. ദീർഘദൂര ബസുകളടക്കം കെഎസ്ആർടിസിയുടെ അന്പതിലധികം ഷെഡ്യൂളുകൾ ദിവസവും കടന്നു പോകുന്ന പാതയാണിത്.
ഇതുകൂടാടെ സ്വകാര്യബസുകളും ലോഡ് വാഹനങ്ങളും ടികെ റോഡിൽ ഇടതടവില്ലാതെ പായുന്നു. പല പ്രധാന പാതകളും വിവിധയിടങ്ങളിലായി ടികെ റോഡുമായി സന്ധിക്കുന്നതോടെ തിരക്ക് വർധിക്കും. തിരക്കേറിയ പാതയിൽ തിരുവല്ല മുതൽ പത്തനംതിട്ട വരെ നിരവധി പ്രധാന ജംഗ്ഷനുകളാണുള്ളത്. കൂടാതെ റാന്നി, ചെങ്ങന്നൂർ, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകൾ പലയിടങ്ങളിലായി ടികെ റോഡുമായി സന്ധിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും എംസി റോഡുമായി ബന്ധപ്പെട്ട യാത്രകൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് ടികെ റോഡിനെയാണ്.
എംസി റോഡിൽ നിന്നു പുനലൂർ - മൂവാറ്റുപുഴ മലയോര സംസ്ഥാന പാതയെ ബന്ധപ്പെടുത്തുന്നതും ടികെ റോഡാണ്. നെടുന്പാശേരി വിമാനത്താവളം, ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷൻ യാത്രക്കാരും ഈ റോഡാണ് ഉപയോഗിക്കുന്നത്. റോഡിന്റെ തകർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ കഴിഞ്ഞ വർഷം ഏതാനും ഭാഗങ്ങളിൽ പൂർത്തീകരിച്ചിരുന്നു. വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ കലുങ്കുകൾ നവീകരിച്ചു. ഇരവിപേരൂർ മുതൽ തിരുവല്ല വരെയും തെക്കേമല - ഇലന്തൂർ ഭാഗവും റീ ടാർ ചെയ്തു. 16 കിലോമീറ്ററാണ് മൊത്തം റീ ടാർ ചെയ്തത്.
അപകട സാധ്യത ഏറെയുള്ള ഭാഗങ്ങളിലാണ് റോഡ് തകർച്ച പൂർണമായിരിക്കുന്നത്. ഈ ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണികളും ആവശ്യമാണ്.2015ലാണ് തിരുവല്ല - കുമ്പഴ 33 കിലോമീറ്റർ പാതയുടെ നിർമാണം ആരംഭിച്ചത്. അതേവരെ നിലനിന്ന അലെയ്ൻമെന്റിൽ നേരിയ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് പഴയ റോഡ് പൊളിച്ച് ആധുനിക രീതിയിൽ പുതിയ പാത നിർമിച്ചത്.
നിർമാണം ഇഴഞ്ഞുനീങ്ങിയതിനാൽ 2016 ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു ദിവസങ്ങൾക്കു മുമ്പുമാത്രമാണ് പൂർത്തീകരിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ കൊട്ടി ഘോഷിച്ച് ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയും രണ്ട് വെള്ളപ്പൊക്കവും അതിജീവിച്ചാണ് ഒന്പതു വർഷം പാത നിലനിന്നത്.
ഭാഗിക നിർമാണങ്ങൾ
ടികെ റോഡുമായി ബന്ധപ്പെട്ട് ഇടയ്ക്കു നടത്തിയ ചില നിർമാണങ്ങൾ തകർച്ച രൂക്ഷമാക്കി. പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട കുഴി അടയ്ക്കൽ, ഓടകൾ അടഞ്ഞത്, സമീപന റോഡുകളിൽ നിന്നുള്ള വെള്ളം ഒഴുക്ക്, കലുങ്ക് നിർമാണങ്ങളിലെ അശാസ്ത്രീയത ഇവയാണ് സംസ്ഥാന പാതയുടെ തകർച്ച വേഗത്തിലാക്കിയത്.
ഇരുചക്രവാഹന യാത്രക്കാർ പൊളിഞ്ഞ ഭാഗം ഒഴിവാക്കാൻ ശ്രമിച്ചാൽ പിന്നാലെ വരുന്ന വാഹനങ്ങൾ തട്ടി അപകടത്തിൽപെടാം. വാര്യാപുരം വളവ് നേരേയാക്കാൻ പദ്ധതികൾ ഏറെയുണ്ടായെങ്കിലും നടപ്പായില്ല. വളവുകഴിഞ്ഞെത്തുന്ന ഭാഗത്തെ ഇറക്കവും അപകട മേഖലയായി മാറിയിരിക്കുകയാണ്. പുല്ലാട്, ഇരവിപേരൂർ, മഞ്ഞാടി തുടങ്ങിയ സ്ഥലങ്ങളിൽ സമീപകാലത്തു നടന്ന കലുങ്ക് നിർമിച്ച ഭാഗങ്ങളിൽ ടാറിംഗ് ശരിയായ രീതിയിൽ നടന്നിട്ടില്ല. ഇവിടങ്ങളിൽ വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
ഇരവിപേരൂർ - തിരുവല്ല നാലുവരിപ്പാത
ടികെ റോഡിൽ ഇരവിപേരൂർ മുതൽ തിരുവല്ല വരെയുള്ള ഭാഗം നാലുവരിപ്പാതയാക്കണമെന്ന നിർദേശം നേരത്തേ ഉയർന്നതാണ്. റോഡിനോടു ചേർന്ന് പലയിടങ്ങളിലും സ്ഥലം വേണ്ടുവോളമുണ്ട്. ഇരവിപേരൂർ ജംഗ്ഷൻ മുതൽ നെല്ലാട് വരെയുള്ള ഭാഗത്ത് റോഡുവക സ്ഥലങ്ങൾ പലയിടത്തും കൈയേറിയിരിക്കുകയാണ്. അനധികൃത കൈയേറ്റം ഒഴിപ്പിച്ച് റോഡിനു വീതി കൂട്ടി എടുക്കാനാകും.
തോട്ടഭാഗം മുതൽ കറ്റോട് പാലംവരെയും റോഡിന്റെ ഒരുവശത്ത് സർക്കാർ വക ഭൂമി വേണ്ടുവോളമുണ്ട്. മുന്പ് റോഡ് ആവശ്യത്തിനായി ഏറ്റെടുത്തതോടെ നീരൊഴുക്ക് നിലച്ച നീർച്ചാലുകളുമൊക്കെയായി സ്ഥലം വെറുതെകിടക്കുകയാണ്. ഉപേക്ഷിക്കപ്പെട്ടു പോയ ഈ സ്ഥലങ്ങൾ പലയിടത്തും അനധികൃതമായി കൈയേറുകയും ചെയ്തു.
ടികെ റോഡിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് ഇരവിപേരൂർ - തിരുവല്ല ഭാഗമാണ്. മിക്ക സമയങ്ങളിലും ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷവുമാണ്. ടികെ റോഡിലേക്ക് റാന്നി റോഡിലെ വാഹനങ്ങൾ കൂടി വന്നു ചേരുന്ന ഭാഗമാണിത്. നെല്ലാട്ട് കല്ലിശേരി റോഡും വള്ളംകുളത്ത് നന്നൂർ റോഡും തോട്ടഭാഗമെത്തുന്പോൾ കവിയൂർ, മല്ലപ്പള്ളി റോഡും സന്ധിക്കുന്പോഴേക്കും തിരക്ക് വർധിക്കും. ആംബുലൻസുകൾ അടക്കം ഈ ഭാഗത്ത് കുരുങ്ങി ക്കിടക്കേണ്ടിവരുന്നത് പതിവുകാഴ്ചയാണ്. ട്രെയിൻ യാത്രക്കാരും മറ്റ് അത്യാവശ്യ യാത്രകൾക്കും പോകേണ്ടവരും ഏറെ ബുദ്ധിമുട്ടുന്നതും ഈ ഭാഗത്താണ്.
Tags : nattu vishesham TK Road under construction