തേവലക്കര ഏക്കപ്പുറം കായല്‍ തീരത്ത് മുതലയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് കോന്നി വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നു.
ചവറ : തേവലക്കര അരിനല്ലൂര്‍ തെക്ക് എട്ടാം വാര്‍ഡിലെ ഏക്കപ്പുറം മഞ്ഞിപ്പുഴ കായല്‍ക്കടവില്‍ ഏക്കപ്പുറം കായല്‍ത്തീരത്ത് മുതലയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രചാരണം. കഴിഞ്ഞദിവസം കായലിന്റെ തീരത്തെ കുറ്റിക്കാടുകള്‍ക്കിടയില്‍ വെയില് കായുന്ന അഞ്ചടിയുള്ള മുതലയെ കണ്ടതായി ഓട്ടോ ഡ്രൈവറായ ക്രിസ്റ്റി ബോയി പറഞ്ഞു.
ഓട്ടോ നിര്‍ത്തി ഇറങ്ങി നടന്നെത്തിയപ്പോഴേക്കും മുതല കായലിലേക്ക് ഇഴഞ്ഞ് പോയതായി അദ്ദേഹം പറയുന്നു. ഉടനേ നാട്ടുകാരെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിലും മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
സ്ഥലം പരിശോധിക്കാന്‍ മ ന്ത്രി ഷിബു ബേബിജോണ്‍ വനം വകുപ്പിന് നിര്‍ദേശം നല്കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം വനം വകുപ്പുദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. ശക്തമായ ഒഴുക്കില്‍ കല്ലടയാര്‍ ഡാമില്‍ നിന്ന് മുതല എത്തിയതാകാമെന്നാണ് നിഗമനം.
രാത്രി കാലത്ത് കായല്‍ത്തീരത്തേക്ക് ആരും പോകരുതെന്നും വളര്‍ത്ത് മൃഗങ്ങളെ തീരത്ത് തനിച്ച് കെട്ടിയിടരുതെന്നും നിര്‍ദേശിച്ചു. മുതലയെ കായലിന് സമീപത്ത് കണ്ടാല്‍ ഉടനേ വിവരം കോന്നി വനം വകുപ്പ് അധികൃതരെ 8547600620 എന്ന നമ്പരില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു
Tags : Nattuvishesham District News