ചെട്ടികാട്: റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ചെട്ടികാട്, താലൂക്ക് ആശുപത്രിയായി അപ് ഗ്രെഡ് ചെയ്യുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടനിർമാണം പാതിവഴിയിൽ.
ആലപ്പുഴ എംഎൽഎയും മുൻ ധനമന്ത്രിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്കിന്റെ പ്രത്യേക താത്പര്യപ്രകാരം ഏറ്റെടുത്ത ഈ പദ്ധതി പാതിവഴിയിൽ ഇഴയുകയാണെന്ന് കോസ്റ്റൽ ഡിവോലെപ്മെന്റ് കമ്മിറ്റി സെക്രട്ടറി വി.സി. ഉർമിസ് ആരോപിച്ചു. നിർമാണോദ്ഘാടനകല്ലിടൽ ചടങ്ങ് ഓൺലൈനായി നിർവഹിച്ച ദിവസം പ്രഖ്യാപിച്ചത് നിർമാണം ഏറ്റവും വേഗം പൂർത്തീകരിക്കുമെന്നായിരുന്നു.
എന്നാൽ, നാളിതുവരെ 52 ശതമാനം മാത്രമാണ് പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളത്. ഇനിയും കടമ്പകൾ ഏറെ മറികടക്കാനുണ്ട്. കാര്യപ്രാപ്തി ഇല്ലാത്ത നിർമാണകമ്പനിയെ നിർമാണച്ചുമതല ഏൽപ്പിച്ചതോടുകൂടി പ്രവർത്തനങ്ങൾ ഒച്ചിന്റെ വേഗതയിൽ മാത്രമായി. തീരദേശ നിർമാണചട്ടപ്രകാരംമുള്ള ഭരണാഅനുമതി ലഭിക്കാനുണ്ടായ കാലതാമസവും കോടതി വ്യവഹാരവുമെല്ലാം ആശുപത്രി നിർമാണ പുരോഗതിയെ പിന്നോട്ട് വലിച്ചു.
ഇപ്പോഴും ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ മുന്നോട്ടുള്ള വഴി സ്വകാര്യവ്യക്തി വേലികെട്ടി റോഡിൽ തടസങ്ങൾ സൃഷ്ടിച്ചിട്ടുള്ളതും ഇതിനെ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുകയുമാണ്. മേൽപറഞ്ഞ വിഷയങ്ങളിൽ ആരോഗ്യമന്ത്രിയും എംഎൽഎ എ.ഡി. തോമസും അടിയന്തരമായി ഇടപ്പെട്ട് നിർമാണ പ്രവർത്തനം ഉർജിതമാകുകയും നിലവിലെ കിടത്തി ചികിത്സാസംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും വി.സി. ഉർമിസ് പറഞ്ഞു.
Tags : nattu vishesham Construction new building