പാലക്കാട്: കെഎസ്ഇബി കടന്പഴിപ്പുറം 33 കെവി സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഇന്നു വൈകുന്നേരം മൂന്നിന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എംപി വിശിഷ്ടാതിഥിയാകും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവർ പങ്കെടുക്കും. സംസ്ഥാനപാത 53ന് അരികിലായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് പാട്ടത്തിനു വിട്ടുനൽകിയ 23.89 സെന്റ് സ്ഥലത്ത് 5.43 കോടി ചെലവിലാണ് സബ്സ്റ്റേഷൻ നിർമിക്കുന്നത്.
ഇവിടേക്ക് പറളി 110 കെവി സബ്സ്റ്റേഷൻ നിന്നുള്ള പറളി- ശ്രീകൃഷ്ണപുരം 33 കെവി ലൈനിൽ നിന്നും 1.4 കിലോമീറ്റർ ലൈൻ വലിച്ച് 33 കെവി ലൈൻ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വിതരണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 11 കെവി ലൈനുകളുടെ ദൈർഘ്യം കുറയുകയും പ്രസരണത്തിനായി 33 കെവി ലൈൻ ഉപയോഗിക്കുന്നതുംമൂലം നിലവിലെ പ്രസരണനഷ്ടം ഗണ്യമായി കുറയുന്നു. ഇതുമൂലം 7,02,400 യൂണിറ്റ് വൈദ്യുതി ലാഭിക്കാനും കഴിയും.
നിലവിൽ കടന്പഴിപ്പുറവും അതിനു ചുറ്റുമുള്ള പുലാപ്പറ്റ, കുളങ്ങാട്ട് കുറിശി, മൂച്ചിത്തറ എന്നിവിടങ്ങളിലേക്കുമെല്ലാം വൈദ്യുതിയെത്തിക്കുന്നത് കല്ലടിക്കോട് 110 കെവി സബ്സ്റ്റേഷനിൽ നിന്നാണ്. ആലന്പാറയിലേക്കു വൈദ്യുതിയെത്തിക്കുന്നത് പത്തിരിപ്പാല110 കെവി സബ്സ്റ്റേഷനിൽ നിന്നാണ്.
Tags : nattu vishesham Construction 33 KV substation