ചേർത്തല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തിൽ രൂക്ഷമാകുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നഗരസഭയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രശ്നബാധിത മേഖലകളിൽ ദേശീയപാത അധികൃതരും നഗരസഭാ എന്ജിനിയയറിംഗ് വിഭാഗവും ചേർന്ന് സംയുക്ത പരിശോധന നടത്താൻ തീരുമാനമായി.
എക്സ്-റേ ജംഗ്ഷൻ, ദീപിക ജംഗ്ഷൻ, വല്ലയിൽ പ്രദേശം, റെയിൽവേ സ്റ്റേഷൻ പരിസരം, കാർത്യായനി റെസ്റ്റോറന്റിനു സമീപം തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന പ്രധാന കേന്ദ്രങ്ങളാണെന്ന് യോഗം വിലയിരുത്തി. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി രണ്ടിന്
നഗരസഭാധികൃതരും ദേശീയപാത അധികൃതരും ചേർന്ന് സംയുക്തമായി പ്രശ്നബാധിതമായിട്ടുള്ള സ്ഥലങ്ങള്‍ സന്ദർശിക്കാന്‍ തീരുമാനിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ ത്വരിത നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ വത്സല കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സനീഷ്, ടോമി ഏബ്രഹാം, കൗൺസിലർമാരായ കെ.സി. ആന്റണി, അഖിൽ, കെ.എസ്. സലിം, ആർ. അർച്ചന, ടെസി ബോണി, റസിയ എന്നിവരും ദേശീയപാത അധികൃതരെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എന്‍ജിനിയർ രാംകുമാർ, ദേശീയപാതാ കരാർ കമ്പനി പ്രതിനിധി സന്തോഷ് എന്നിവരും, റെയിൽവേയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ മാസ്റ്റർ രേഷ്മോൻ, ഹൈവേ ആക്ഷൻ കമ്മറ്റി ഭാരവാഹികളായ ഷമ്മി ജോസഫ് കോയിക്കര, എസ്. ശിവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham National Highway Construction