പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ‘കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020’ പ്രകാരം വരുമാനച്ചോര്‍ച്ച രൂക്ഷമായി. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ബോര്‍ഡിന്റെ ആനുകൂല്യ വിതരണം പൂര്‍ണമായും തടസപ്പെട്ടു. 13 മാസത്തെ പെന്ഷന് കുടിശിക ഇനത്തില്‍ മാത്രം 915 കോടി രൂപയും മറ്റാനുകൂല്യ വിതരണത്തില്‍ 400 കോടി രൂപയും അടക്കം ആകെ 1,315 കോടി രൂപയുടെ കുടിശികയാണ് ബോര്‍ഡിനു മുന്നിലുള്ള വെല്ലുവിളി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2025 മേയ് വരെയുള്ള പെന്‍ഷനും 2025 ഡിസംബര്‍ 31 വരെയുള്ള മരണാനന്തര ആനുകൂല്യവും ഇതേ കാലയളവിലുള്ള മറ്റാനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നു. അതിനുശേഷമുള്ള മാസങ്ങളില്‍ ആനൂകൂല്യ വിതരണം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
പെന്ഷന് ഗുണഭോക്താക്കളുടെ എണ്ണവും പെന്ഷന് തുകയും വര്‍ധിച്ചുവരുന്നതിനിടെയാണ് ബോര്‍ഡിന്റെ വരുമാന സ്രോതസില്‍ ഇടിവുണ്ടായത്. 2025 നവംബര്‍ 21നു നിലവില്‍ വന്ന കേന്ദ്രത്തിന്റെ ലേബര്‍ കോഡ് അനുസരിച്ച് 50 ലക്ഷത്തിനു മുകളില്‍ നിര്‍മാണച്ചെലവു വരുന്ന വീടുകള്‍ക്കു മാത്രം നിര്‍മാണ സെസ് നല്കിയാല് മതി.
കേരളത്തിലെ നിയമപ്രകാരം (1986ലെ സെസ് നിയമവും 1998ലെ ചട്ടങ്ങളും) 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ക്ക് സെസ് പിരിച്ചിരുന്നു. കുറഞ്ഞ പരിധി 50 ലക്ഷമായി ഉയര്‍ത്തിയത് വീട്ടുടമകള്‍ക്ക് ആശ്വാസമായെങ്കിലും ബോര്ഡിനുണ്ടാക്കിയതു വന്‍ വരുമാനച്ചോര്‍ച്ചയാണ്.
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണു സെസ് ഈടാക്കുന്നത്. ബോര്‍ഡിന്റെ പ്രധാന വരുമാനമായ സെസ് തൊഴിലാളികള്‍ക്കു പെന്ഷന് നല്‍കാനാണ് വിനിയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിയമപരമായി സെസ് പരിധി വര്‍ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ 50 ലക്ഷത്തില്‍ താഴെയായി കുറയ്ക്കാന്‍ കഴിയില്ല.
കേരളത്തില്‍ നിര്‍മിക്കുന്നതില്‍ വലിയൊരു പങ്ക് ഇടത്തരം വീടുകളുടെയും നിര്‍മാണച്ചെലവ് 10 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലാണ്. സെസ് പരിധി 50 ലക്ഷമായി ഉയര്‍ത്തിയതോടെ ഈ കെട്ടിടങ്ങളെല്ലാം സെസ് പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടും.
നിലവില്‍ പ്രതിവര്‍ഷം സെസ് വരുമാനമായി 600 കോടിയോളം രൂപ ലഭിച്ചിട്ടും ബോര്‍ഡിന് കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 2025-26 വര്‍ഷത്തില്‍ 616.91 കോടി രൂപയാണ് സെസ് വരുമാനം. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ക്ഷേമനിധിയിലെ നീക്കിയിരിപ്പ് തുക 56.90 കോടി രൂപ മാത്രമാണ്. 1315 കോടിയുടെ മൊത്തം കുടിശിക നിലനില്‍ക്കുമ്പോഴാണ് ഖജനാവിന്റെ പരിതാപകരമായ ഈ അവസ്ഥ.
Tags : Construction Workers WelfareBoard debt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews