നിർമാണം പുരോഗമിക്കുന്ന നേര്യമംഗലത്തെ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലം.
കോതമംഗലം: കൊച്ചി- മൂന്നാർ പാതയുടെ നവീകരണജോലികളുടെ ഭാഗമായി നേര്യമംഗലത്തെ നിലവിലുള്ള പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ആദ്യത്തെ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലമാണു നേര്യമംഗലത്ത് പെരിയാറിനു കുറുകേ ഒരുങ്ങുന്നത്.
ആകെയുള്ള അഞ്ച് ആർച്ചുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന രണ്ടെണ്ണത്തിന്റെ നിർമാണമാണു നിലവിൽ പുരോഗമിക്കുന്നത്. പ്രതലത്തിലെ സ്റ്റീലിനു മുകളിലെ കോൺക്രീറ്റിംഗും അപ്രോച്ച് റോഡിന് ഇരുവശവുമുള്ള ലിങ്ക് റോഡുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
പഴയ ആർച്ച് പാലത്തിന്റെ മാതൃകയിലാണ് 214 മീറ്റർ നീളമുള്ള പുതിയ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലം (വില്ലിന്റെ ഞാൺ പോലെയുള്ള ആർച്ച് പാലം ) നിർമിക്കുന്നത്.
42 മീറ്റർ നീളത്തിലുള്ള അഞ്ചു സ്പാനുകളാണ് പാലത്തിലുള്ളത്. 13 മീറ്റർ വീതിയിലാണു നിർമാണം പൂർത്തീകരിക്കുന്നത്. ഇതിൽ എട്ടു മീറ്റർ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വീതിയാണ്. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. 90 വർഷം പഴക്കമുള്ള നിലവിലെ പാലത്തിന് നാലു മീറ്ററാണ് വീതി.
2027 മാർച്ച് വരെയാണു നിർമാണം പൂർത്തിയാക്കാൻ കരാർകമ്പനിക്കു സമയം അനുവദിച്ചിട്ടുള്ളതെങ്കിലും മൂന്നു മാസത്തിനുള്ളിൽ പാലം സഞ്ചാരത്തിനായി തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റു തടസങ്ങളില്ലെങ്കിൽ ഓഗസ്റ്റിൽ പാലം തുറക്കാനാകും. അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ട്.
Tags : Neryamangalam bridge construction final stage