മുക്കൂട്ടുതറ ടൗണിലേക്കുള്ള പ്രവേശന ഭാഗത്ത് നടപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
മുക്കൂട്ടുതറ: രണ്ട് വാഹനങ്ങൾ എതിരേ വന്നാൽ കാൽനട യാത്രക്കാർക്ക് ഇടം ഇല്ലാതെ അപകടത്തിലാകുന്ന മുക്കൂട്ടുതറ ടൗണിലെ ഇടുങ്ങിയ പാലത്തിൽ നടപ്പാലത്തിന് നിർമാണം തുടങ്ങി. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 11 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 12 മീറ്റർ നീളത്തിൽ അഞ്ച് അടി വീതിയിലാണ് നടപ്പാലത്തിന്റെ നിർമാണം. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലമാണ് നിർമിക്കുന്നത്.
നിലവിലുള്ള പാലം വർഷങ്ങൾക്കു മുന്പ് നിർമിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്ന അവസരങ്ങളിൽ പാലം കടക്കുന്ന കാൽനട യാത്രക്കാരുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും വ്യാപാരികളും മറ്റും പാലം പൊളിച്ചു പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള ഫണ്ട് ലഭിക്കാൻ താമസം ആണെന്ന് മരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നടപ്പാലം നിർമിക്കുന്നതിന് തീരുമാനമായത്.
ശബരിമല സീസണിൽ എരുമേലി വഴി പമ്പയിലേക്ക് മുഴുവൻ വാഹനങ്ങളും ഈ പാലം വഴിയാണ് പോയി മടങ്ങുന്നത്. ഇതു മൂലം ശബരിമല സീസണിൽ ഈ പാലത്തിൽ യാത്ര അപകട സാധ്യതയിലാണ്. നടപ്പാലം നിർമാണം പൂർത്തിയായാൽ വാഹനങ്ങളെ ഭയക്കാതെ കാൽനട യാത്രക്കാർക്ക് പാലം കടക്കാൻ സൗകര്യമാകും. അതേസമയം വീതിയും ഉയരവുമുള്ള പുതിയ പാലം നിർമിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കമേറിയ ഈ പാലത്തിന്റെ തൂണുകളും സംരക്ഷണ ഭിത്തികളും ബലക്ഷയത്തിലാണ്.
Tags : Local News Nattuvishesham Construction pedestrian bridge