കൈതപ്പാറ റോഡ്.
ചെറുതോണി: ഇടുക്കി-ഉടുമ്പന്നൂര്‍ റോഡിന്റെ ഭാഗമായ മണിയാറന്‍കുടി-കൈതപ്പാറ വഴിയുള്ള റോഡ് നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍. വനംവകുപ്പ്, പൊതുമരാമത്ത്, സര്‍ക്കാര്‍ എന്നിവരുടെ ഭാഗത്തുനിന്നു തടസങ്ങളൊന്നും ഇല്ലെന്നിരിക്കേ റോഡ് നിര്‍മാണം വൈകുന്നതിനു പിന്നില്‍ കരാറുകാരന്റെ അലംഭാവമാണുള്ളതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ മണ്‍ജോലികള്‍ പൂര്‍ണമായെങ്കിലും കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരന് ഇതുവരെ തയാറായിട്ടില്ല. റോഡരികില്‍ കോണ്‍ക്രീറ്റിനുള്ള സാധനസാമഗ്രികള്‍ ശേഖരിക്കാന്‍ സ്ഥലമില്ലെന്ന തൊടുന്യായം പറഞ്ഞാണ് കരാറുകാരന് നിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത്. നിര്‍മാണ സാമഗ്രികളുമായി എത്തുന്ന ടോറസ് ലോറികള്‍ തിരിക്കാനോ സൈഡ് കൊടുക്കാനോ റോഡിന് വീതിയില്ലെന്നുള്ള ന്യായവും ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.
എന്നാല്‍ മണിയാറന്‍കുടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപവും കൈതപ്പാറ പള്ളി കോമ്പൗണ്ടിലും കോട്ടക്കവലയിലും കോണ്‍ക്രീറ്റിംഗ് സാമഗ്രികള്‍ ശേഖരിക്കാന്‍ മതിയായ സൗകര്യമുണ്ട്. വനത്തില്‍ റോഡരികില്‍ മെറ്റീരിയല്‍സ് ശേഖരിക്കാന്‍ സൗകര്യമനുവദിക്കാമെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മാണമാരംഭിച്ച് ആറു മാസത്തിനുള്ളില്‍ റോഡ് പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥകൂടി അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
റോഡിന്റെ എല്ലാ ഭാഗങ്ങളിലും വീതിയില്ലെങ്കിലും പല ഭാഗത്തും ലോറികള്‍ക്ക് സൈഡ് കൊടുക്കാനുള്ള സ്ഥലമുണ്ട്. വസ്തുത ഇതായിരിക്കേ ഓരോ കാരണങ്ങള്‍ നിരത്തി നിര്‍മാണം വൈകിക്കുകയാണ്. കോണ്‍ക്രീറ്റിംഗിനായി മണ്‍ജോലികള്‍ നേരത്തേ പൂര്‍ത്തീകരിച്ചതും ഇപ്പോള്‍ വിനയായി മാറിയിട്ടുണ്ട്.
മഴക്കാലത്ത് വെള്ളമൊഴുകി റോഡ് തകരുന്നത് തടയാന്‍ നാട്ടുകാര്‍ കാനയും ഹമ്പും നിര്‍മിച്ചിരുന്നു. കരാറുകാരന് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഓടകളെല്ലാം നിരത്തിയണ് മണ്‍പണികള്‍ പൂര്‍ത്തീകരിച്ചത്. ഇതുമൂലം മഴ ആരംഭിച്ചതോടെ റോഡിനു നടുവിലൂടെ വെള്ളംഒഴുകുകയാണ്. ഇതു റോഡ് പൂര്‍ണമായും തകരുന്നതിനിടയാക്കി. ഇതുവഴി കാല്‍നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്.
മണിയാറന്‍കുടി മുതല്‍ കൈതപ്പാറവരെ 18 കിലോമീറ്റര്‍ ദൂരമാണ് റോഡ് പൂര്‍ത്തിയാക്കാനുള്ളത്. രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. റോഡ് പൂര്‍ത്തിയായാല്‍ ചെറുതോണിയില്‍നിന്നു 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തൊടുപുഴയിലെത്തിച്ചേരാനാകും.
ജില്ലാ ആസ്ഥാനമേഖലയില്നിന്നു മൂവാറ്റുപുഴ, എറണാകുളം പ്രദേശങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാനും കഴിയും. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ഹൈറേഞ്ചിലെ രോഗികള്‍ക്കും ഇത് ഏറെ ആശ്വാസമാകും. വാഴത്തോപ്പ്, മണിയാറന്‍കുടി മേഖലകളിലേക്ക് കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പ്രദേശങ്ങളില്‍നിന്നും ജനങ്ങള്‍ കുടിയേറിയത് ഈ കാനന പാതയിലൂടെയാണ്. വര്‍ഷങ്ങളായി തുടരുന്ന ജനങ്ങളുടെ ആവശ്യത്തിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് പച്ചക്കൊടി ലഭിച്ചിട്ടും അതെല്ലാം നിഷ്പ്രയോജനമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി 18 കോടി രൂപയാണ് റോഡ് നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. ഈ മാസം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കരാറുകാരനെതിരേ സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇവിടത്തുകാര്‍.
Tags : Construction nattuvishesham local news