കായംകുളം: കായംകുളം - കാർത്തികപ്പള്ളി റോഡിൽനിന്നു തീരദേശത്തേക്കുള്ള പ്രധാന പാതകളിലൊന്നായ മുതുകുളം ഉമ്മർമുക്ക്- ചക്കിലിക്കടവ് റോഡിന്റെ നിർമാണപ്രവൃത്തികൾ ഇഴയുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പുനർനിർമാണത്തിനായി റോഡ്കുത്തിയിളക്കിയിട്ട് അഞ്ചുമാസത്തോളമായി. അന്നുമുതൽ നാട്ടുകാർ കടുത്ത യാത്രാദുരിതം അനുഭവിക്കുകയാണ്. റോഡിലൂടെ ഇപ്പോൾ കാൽനടപോലും പറ്റാത്ത അവസ്ഥയായി.
കരിങ്കൽച്ചീളുകൾ ഇരുചക്ര വാഹനങ്ങളുടെ ടയറുകളിലേക്കു തുളച്ചുകയറുന്നത് മൂലം വാഹനങ്ങൾ തകരാറിലാകുന്നതും പതിവായി. കൂടാതെ കല്ലുകളിൽക്കയറി നിയന്ത്രണം വിടുന്ന ഇരുചക്രവാഹനങ്ങളിൽ നിന്നു വീണ് യാത്രക്കാർക്കു പരിക്കേൽക്കുന്നതും വർധിച്ചു . റോഡിന്റെ മോശം അവസ്ഥകാരണം ഓട്ടോറിക്ഷക്കാർപോലും ഈ വഴി വരാൻമടിക്കുകയാണ് .
രോഗികളെ ആശുപത്രിയിലെത്തിക്കുന്നതുപോലും ഇപ്പോൾ നാട്ടുകാർക്ക് വെല്ലുവിളിയാണ്. റോഡിലെ കടുത്ത പൊടിശല്യവും നാട്ടുകാരെ ദുരിതത്തിലാക്കുന്നു . വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലം സമീപവാസികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. നൂറുകണക്കിനു പേർ സഞ്ചരിക്കാൻ ആശ്രയിക്കുന്ന റോഡാണിത് . ഫിഷറീസ് വകുപ്പ് തീരദേശറോഡുകളുടെ നിലവാരമുയർത്തുന്ന നോൺ പ്ലാൻ പദ്ധതിയിലെ ഒരുകോടി രൂപ മുടക്കിയാണ് റോഡ് പുനർനിർമിക്കുന്നത്. റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Construction work i dragging