എടക്കര: കാട്ടാന ആക്രമണം തടയാൻ വഴിക്കടവ് ആനമറിയിൽ വനംവകുപ്പ് സോളാർ തൂക്കുവേലി നിർമാണം ആരംഭിച്ചു. മൂന്ന് റീച്ചുകളിലായി മൂന്ന് കിലോമീറ്റർ ദൂരമാണ് സോളാർ തൂക്കുവേലി നിർമാണം നടത്തുന്നത്. ആനമറി മുതൽ അന്പതേക്കർ വരെ അറുനൂറ് മീറ്ററും ആനമറി മുതൽ കാഞ്ഞിരേൽ നഗർ വരെ ഒരു കിലോമീറ്ററും നെല്ലിക്കുത്ത് മുതൽ തന്പാൻപൊട്ടി വരെ 1200 മീറ്ററുമാണ് സോളാർ തൂക്കുവേലി നിർമിക്കുക. ബാക്കിയുള്ള ഭാഗങ്ങളിൽ തൂക്കുവേലി പ്രവർത്തിക്കുന്നുണ്ട്.
ആനമറിയിൽ അടിക്കാടുകൾ വെട്ടിമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. തൂക്കുവേലിക്ക് ആവശ്യമായ മെറ്റീരിയലുകൾ ഇറക്കുകയും ചെയ്തു. ഇന്ന് മുതൽ കാലുകൾ കുഴിച്ചിട്ട് ലൈൻ വലിക്കൽ ആരംഭിക്കും.
കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പുഞ്ചക്കൊല്ലി കുമാരദാസൻ, മൊളയപറന്പിൽ സൈനബ എന്നിവരുടെ വീടിന്റെ അടുക്കള ഷെഡുകൾ തകർന്നിരുന്നു. നിരവധി കർഷകരുടെ കാർഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് തൂക്ക് വേലി നിർമാണം അടിയന്തരമായി ആരംഭിച്ചത്.