തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘മയങ്ങില്ല കേരളം’ ലഹരിവിരുദ്ധ കർമപദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലെയും ഡപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വിതരണം ചെയ്തു.
എക്സൈസ് കമ്മീഷണറേറ്റിൽ വച്ച് സഹകരണഎക്സൈസ് വകുപ്പ് മന്ത്രി എം. ലിജു കിറ്റുകൾ കൈമാറി. എക്സൈസിനെ കേരളത്തിലെ വലിയ സാമൂഹിക പരിവർത്തന ശക്തിയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കൊക്കെയ്ൻ, എംഡിഎംഎ, മെത്താംഫെറ്റാമിൻ, ഹെറോയിൻ, കെറ്റാമിൻ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെയും പ്രീകഴ്സർ രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തുന്നതിനുള്ള വിവിധ പരിശോധനാ കിറ്റുകളും ഉമിനീർ അധിഷ്ഠിത എയ്റ്റ് ഇൻ വണ്‍ മൾട്ടിഡ്രഗ് റാപിഡ് ടെസ്റ്റ് കിറ്റുമാണ് വിതരണം ചെയ്തത്.
ലഹരിവസ്തു ഉപയോഗം അതിവേഗം തിരിച്ചറിയാനും നിയമനടപടികൾ കാര്യക്ഷമമാക്കാനും ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും ഈ സംവിധാനം നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.