ശ്രേയസി സിംഗ്
പാറ്റ്ന: സ്കൂൾ വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ നടന്ന ക്രൂരമായ സദാചാര ആക്രമണത്തെ അപലപിക്കുന്നതിനിടെ, വിവാദ പരാമർശവുമായി ബിഹാർ മന്ത്രിയും മുൻ ഷൂട്ടിംഗ് താരവുമായ ശ്രേയസി സിംഗ്. സദാചാര പൊലിസിംഗ് "കുറച്ചുകൂടി ഭംഗിയായിട്ടും മാന്യവുമായി ചെയ്യാമായിരുന്നു" എന്ന ബിജെപി നേതാവു കൂടിയായ മന്ത്രിയുടെ വാക്കുകളാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
ബിഹാറിലെ ജമുയി ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലിസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കവേയാണ് മന്ത്രി വിവാദപരമായ പ്രസ്താവന നടത്തിയത്. നാട്ടുകാർ കുട്ടികളോട് പെരുമാറിയ രീതി അസഹനീയമാണെന്ന് മന്ത്രി പറഞ്ഞെങ്കിലും, മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും ഉള്ളതിനെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും, എന്നാൽ അത് പ്രകടിപ്പിക്കാൻ കുറച്ചുകൂടി നല്ല രീതികൾ ഉണ്ടെന്നുമാണ്" മന്ത്രി പ്രതികരിച്ചത്.
ആക്രമണത്തെ തള്ളിപ്പറയുമ്പോഴും സദാചാര പൊലിസിംഗിനെ ഒരു പരിധി വരെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ചതിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
Tags : Bihar Shreyasi Singh Moral Policing Controversy Jamui Incident BJP Minister Moral Policing Bihar News.