പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 53 വിദ്യാർഥികൾ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ. ഇതിൽ പകുതിയിലധികവും (54.7%) പട്ടികജാതി , പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവയിൽ നിന്നുള്ള വിദ്യാർഥികളാണ്. മരിച്ചവരിൽ 45 പേർ ആത്മഹത്യ ചെയ്തതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പ് ഐഐടികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി തയ്യാറാക്കിയതായിരുന്നു ഈ വിവരങ്ങളെങ്കിലും ഇതുവരെ പാർലമെന്റ് രേഖകളിൽ വന്നിരുന്നില്ല.
2020-21-ൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2023-24-ൽ അത് 17 ആയും, 2024-25-ൽ 19 ആയും വർധിച്ചു. ജനറൽ വിഭാഗം: 23 മരണങ്ങൾ (43.4%), ഒബിസി : 12 മരണങ്ങൾ (22.6%), എസ്സി: 10 മരണങ്ങൾ (18.9%), എസ്ടി : ഏഴ് മരണങ്ങൾ (13.2%), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ: 1 മരണം (1.9%) എന്നിങ്ങനെയാണ് കണക്കുകൾ.
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നായി ആകെ 29 പേരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മരിച്ചത്. ഐഐടി ഖൊരഗ്പൂർ, ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് (7 വീതം). ഐഐടി കാൺപൂർ, ഐഐടി ബിഎച്ച്യു വാരണാസി എന്നിവടങ്ങളിൽ ആറ് വീതം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആത്മഹത്യകളിൽ ഐഐടി ഹൈദരാബാദാണ് ഏറ്റവും മുന്നിൽ (7 പേർ).
Tags : IIT Student Deaths IIT Suicides Higher Education Dalit Students OBC SC ST KC Venugopal MHRD Data.