പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2349.46 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 45.40 ശതമാനമാണിത്. ഇന്നലെ പദ്ധതി പ്രദേശത്ത് 37.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായി 47 ശതമാനം വെള്ളമാണുള്ളത്.
ജലവിഭവ വകുപ്പിനു കീഴിലുള്ള മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്നു രണ്ടു ഷട്ടറുകള്‍ അടച്ചു. ഇവിടത്തെ സംഭരണശേഷി 42 മീറ്ററാണ്. ഇന്നലെ ജലനിരപ്പ് 39.66 മീറ്റര്‍ എത്തിയതോടെയാണ് തൊടുപുഴ, മൂവാറ്റുപുഴയാറുകളിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.
എന്നാല്‍ മൂലമറ്റം പവര്‍ഹൗസില്‍നിന്നു വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് വൈകുന്നേരം കൂടാനുള്ള സാധ്യത മുന്‍നിര്‍ത്തിയും ജലനിരപ്പ് 39 മീറ്ററില്‍ നിജപ്പെടുത്തുന്നതിനുമായി മലങ്കരയില്‍ രണ്ടു ഷട്ടറുകള്‍ ഒരുമീറ്റര്‍ വീതവും രണ്ടു ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തി നിലവില്‍ വെള്ളം ഒഴുക്കുന്നുണ്ട്.
ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഈ ഷട്ടറുകളും താഴ്ത്തും. മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ കാര്യമായ വര്‍ധനയില്ല. ഇന്നലെ രാവിലെ ആറിന് 120.70 അടിയാണ് ജലനിരപ്പ്. പദ്ധതിപ്രദേശത്ത് ഇന്നലെ നേരിയ മഴ മാത്രമാണ് ലഭിച്ചത്.
Tags : Idukki WaterLevel Reaches IdukkiDam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash