മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു.
ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനായി സ്ഥാപനങ്ങളും പാരീഷ് ഹാളുകളും വിട്ടുനല്‍കാന്‍ അതിരൂപത സന്നദ്ധമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അറിയിച്ചു.
കാലവര്‍ഷ ദുരിതത്തില്‍ 25 പേര് മരണമടയുകയും ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ദുരിതബാധിതരുടെ ദുഃഖങ്ങളില്‍ പങ്കുചേരുകയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ചാസ് നിര്‍വഹിക്കും. കൂടാതെ റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യ കിറ്റുകള്‍ നല്‍കാനും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സഹായം എത്തിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിരൂപത വെള്ളപ്പൊക്ക ദുരിതാശ്വാസ ഏകോപന കമ്മിറ്റിയില്‍ അതിരൂപത വികാരി ജനറാള്‍മാര്‍, കൂരിയ അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, വിവിധ വകുപ്പുകളുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : MarThomasTharayil EssentialAid Provided AffectedPeople Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash