അമ്പലപ്പുഴ: 52 ദിവസം നിലനിൽക്കുന്ന ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് നിലവിൽ വന്നു. ജൂലൈ 31 വരെ കടലിന്റെ അടിത്തട്ടിളക്കി ട്രോളര്വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് നിരോധനം. ബോട്ടുകൾ കരയ്ക്കു കയറുന്നതോടെ ചാകര സമയത്ത് തങ്ങൾ പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് വില കിട്ടുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത വള്ളം ഉടമകളും തൊഴിലാളികളും.
കഴിഞ്ഞ കുറച്ചുനാളായി വറുതി മൂലം നട്ടം തിരിയുകയാണ് മത്സ്യതൊഴിലാളികൾ. എങ്കിലും ചാകര തെളിഞ്ഞാൽ വള്ളമിറക്കുന്നതിനുള്ള തയാറെടുപ്പിലാണിവർ. ലയ് ലാൻഡ്, ബീഞ്ച്, ഡിസ്ക്കോ വള്ളങ്ങൾക്ക് ട്രോളിംഗ് ബാധകമല്ല. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക്പ്രതീക്ഷയുള്ളത് ട്രോളിംഗ് സമയങ്ങളിലാണ്. അതിനാൽ പുതിയവളളങ്ങൾ കടലിലിറക്കാൻ കാത്തിരിക്കുകയാണ് അവർ.
ചൂട, താങ്ങ്, നീട്ട്, എച്ച്എം, വലയോട്ട, അടിവല തുടങ്ങിയ വലകളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നത്. ചെറുവള്ളം കടലിൽ പോയി തിരികെയെത്തുമ്പോൾ 6,000 രുപയോളം ഇന്ധന ചെലവ് മാത്രം വരും. ലയ്ലാൻഡ് ഇനത്തിൽ പെട്ട വള്ളമാകുമ്പോൾ തുക ഇരട്ടിയിലധികമാകും. എങ്കിലും ഇത്തവണ ട്രോളിംഗ് സമയം മികച്ച വരുമാനം നൽകുമെന്ന വിശ്വാസത്തിലാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾ.