അക്കിലി എന്ന കാളയും പട്രോക്ളോ എന്ന ആൺകഴുതയും.
കാളയും കഴുതയും തമ്മിലുള്ള അപൂർവ പ്രണയമാണ് ഇപ്പോൾ ശാസ്ത്രലോകത്തിന് അദ്ഭുതം! രാവിലെ മേച്ചിൽപ്പുറങ്ങളിലെത്തുമ്പോഴും തീറ്റതേടുമ്പോഴും മലമുകളിൽനിന്നു വഴിയിറങ്ങുമ്പോഴും അവർ ഒന്നിച്ചാണ്. ഇടയ്ക്കിടെ വിചിത്ര ശബ്ദങ്ങൾ പുറപ്പെടുവിച്ച് കഴുത കാളയെ ആകർഷിക്കുന്നു, കാള തിരിച്ചും. ശബ്ദമുണ്ടാക്കി ഇവർ മേച്ചിൽപ്പുറങ്ങളിലൂടെ ഉല്ലസിച്ചുനടക്കുന്നു. എന്നാൽ ഈ പ്രണയകഥയിൽ നായികയില്ല! 'അക്കിലി' എന്നു പേരിട്ട കാളയും 'പട്രോക്ളോ' എന്ന ആൺകഴുതയുമാണു താരങ്ങൾ!
ഒരേ വർഗത്തിലും ഒരേ ലിംഗത്തിലുമുള്ള ജീവികൾ അടുത്തിടപഴകുന്നതു സാധാരണമാണ്. എന്നാൽ, വ്യത്യസ്ത ആൺവർഗത്തിൽപ്പെട്ട മൃഗങ്ങളുടെ 'അപൂർവരാഗം' ഗൗരവത്തോടെയാണു ഗവേഷകർ കാണുന്നത്. എത്യോപ്യൻ പീഠഭൂമിയിൽ കുരങ്ങുകളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന ഇറ്റാലിയൻ സർവകലാശാലയിലെ ഗവേഷകസംഘമാണ് ആൺവർഗത്തിൽപ്പെട്ട കാളയുടെയും കഴുതയുടെയും സ്നേഹത്തിന്റെയും കാമത്തിന്റെയും അപൂർവബന്ധത്തിനു ദൃക്സാക്ഷികളായത്.
പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ജീവികൾക്കിടയിൽ ഇത്തരമൊരു ബന്ധം കണ്ടെത്തുന്നതു ശാസ്ത്ര ചരിത്രത്തിൽ ആദ്യമായാണെന്നു പഠനം വെളിപ്പെടുത്തുന്നു. അതേസമയം, കാളയും കഴുതയും തമ്മിലുള്ള ബന്ധം പ്രാദേശിക ഇടയന്മാർക്കു നേരത്തെ അറിയാം. സ്വന്തം വർഗത്തിൽപ്പെട്ട മറ്റ് പെൺ/ആൺ മൃഗങ്ങൾ ചുറ്റുമുള്ളപ്പോഴും ഇരുവർക്കും ഒന്നിച്ചു സമയം ചെലവഴിക്കാനാണു താത്പര്യം. കാളയെ താത്പര്യത്തോടെയാണു കഴുത സ്വീകരിക്കുന്നതെന്നും ഗവേഷകർ നിരീക്ഷിച്ചു.
വളർത്തുമൃഗങ്ങളായതുകൊണ്ട്, ഇവയുടെ പെരുമാറ്റം വന്യജീവികളുടേതിനു സമാനമാണെന്നു കരുതാനാകില്ല. മൃഗങ്ങളുടെ പെരുമാറ്റം, ചിന്തിക്കുന്നതിലും എത്രയോ വൈവിധ്യപൂർണമാണെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങൾ കേവലം വംശവർധനയ്ക്കുവേണ്ടി മാത്രമല്ല, ഉല്ലാസത്തിനായി തീർത്തും വ്യത്യസ്തമായ വർഗങ്ങളുമായി ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കാറുണ്ടാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
Tags : AnimalWorld Achille Patroclo Bull Donkey AnimalScience Ethology CrossSpeciesBond Ethiopia