മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിലെ നിരക്കുകളെക്കുറിച്ചുള്ള ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് വാഗ്ദാനം ചെയ്ത കരാർ പിന്നീട് 12.50 രൂപയായി കുറച്ചെന്ന പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎസ്ഇബിക്ക് പോലും ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. കെഎസ്ഇബി ചെയർമാനായിരുന്ന രാജമാണിക്യം കഴിഞ്ഞ 29ന് നൽകിയ കുറിപ്പിൽ, ഹിമാചൽ പ്രദേശ് അധികൃതർ രേഖാമൂലം ഉറപ്പുനൽകാതെ വൈദ്യുതി നിരക്ക് സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. 12.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന ഉറപ്പ് ഹിമാചൽ അധികൃതർ കെഎസ്ഇബിക്ക് നൽകിയിട്ടില്ലെന്നും ഈ രേഖയിൽ നിന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ഇബിക്ക് പോലും ലഭിച്ചിട്ടില്ലെന്ന് പറയുന്ന ഈ പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രേഖകൾ ലഭിച്ച ഉറവിടം വ്യക്തമാക്കാനും അവ പുറത്തുവിടാനും പ്രതിപക്ഷ നേതാവ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിമാചൽപ്രദേശുമായുള്ള വൈദ്യുതി കരാർ പിടിസി എന്ന ഇടനിലക്കാർ വഴിയാണെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇടനിലക്കാരുടെ മാർജിൻ കൂടി ഉൾപ്പെടുത്തിയ ശേഷമാണ് 14.50 രൂപ നിരക്ക് നിശ്ചയിച്ചതെന്ന വസ്തുത പ്രതിപക്ഷം സൗകര്യപൂർവം മറച്ചുവെക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
രാജസ്ഥാനും ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാറിലേർപ്പെട്ടിരുന്നു. രാജസ്ഥാന് 15.50 രൂപയ്ക്ക് നൽകാമെന്ന് സമ്മതിച്ച വൈദ്യുതി എങ്ങനെയാണ് ഹിമാചൽപ്രദേശ് കെഎസ്ഇബിക്ക് 12.50 രൂപയ്ക്ക് നൽകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഹിമാചൽപ്രദേശ് കെഎസ്ഇബിക്ക് ഒരു നിരക്ക് മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതിൽ പഴയ നിരക്കെന്നോ പുതിയ നിരക്കെന്നോ വേർതിരിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎൻഎ ഒരു വൈദ്യുതി ഉൽപ്പാദന കമ്പനിയല്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. ഇതേ ജിഎൻഎ വഴി പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും പലതവണ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാർ ജിഎൻഎ വഴി വാങ്ങിയ വൈദ്യുതിയുടെ കണക്കുകൾ പുറത്തുവിടാൻ തയാറാണെന്നും വി.ഡി.സതീശൻ ചോദിച്ചു. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ക്ഷാമമില്ലെന്നും കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Tags : Power Purchase V.D.Satheesan PinarayiVijayan PowerPurchaseDeal ElectricityDeal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash